അടിമാലി:സഹപാഠികളായ വിദ്യാർത്ഥിനികൾ ക്ലാസ് മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു.അടിമാലിയിൽ മാനേജ്‌മന്റ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളാണ് വിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.ഉച്ച വിശ്രമം കഴിഞ്ഞ് ക്ലാസ്സിലെത്തിയ വിദ്യാർത്ഥിനികൾ പലവട്ടം ഛർദിച്ചു.കാരണം അന്വേഷിച്ച അധ്യാപകരോടും സഹപാഠികളോടും തലവേദനയും ഛർദിയുമാണെന്നാണ് ഇവർ പറഞ്ഞത്.തുടർന്ന് അദ്ധ്യാപകർ വിവരമറിയിച്ചതിനെ തുടർന്ന് ഇവരുടെ രക്ഷിതാക്കളെത്തി അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടെ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും ഉള്ളിൽ വിഷം ചെന്നതായി ഡോക്റ്റർമാർ കണ്ടെത്തിയത്.അപ്പോഴേക്കും അവശനിലയിലായ ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.അടിമാലി പോലീസ് മെഡിക്കൽ കോളേജിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.ചൊവ്വാഴ്ച രാത്രി ഇതിൽ ഒരു പെൺകുട്ടിയുടെ വീട്ടിൽ സഹോദരനുമായി വഴക്കുണ്ടാകുകയും ഇതേ തുടർന്ന് ഈ കുട്ടി പിറ്റേദിവസം വാഴയ്ക്ക് തളിക്കുവാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന വിഷം എടുത്തുകൊണ്ടാണ് സ്കൂളിലെത്തിയത്.സ്കൂളിൽ വെച്ച് രണ്ടാമത്തെ കുട്ടിയോട് വീട്ടിൽ നടന്ന പ്രശ്നങ്ങൾ വിവരിക്കുകയും താൻ ജീവനൊടുക്കുവാൻ പോവുകയാണെന്ന് പറയുകയും ചെയ്തു.ഇതോടെ മനോവിഷമത്തിലായ പെൺകുട്ടിയും കൂട്ടുകാരി കൊണ്ടുവന്ന വിഷം ക്ലാസ് മുറിയിൽ വെച്ച് കഴിക്കുകയായിരുന്നു എന്നാണ് വിവരം.