ഇരിട്ടി:പരീക്ഷയുടെ അവസാനദിനം ആഘോഷമാക്കാൻ ബാഗിൽ മൊബൈൽഫോണും, മുഖമൂടിയും പടക്കവുമൊക്കെയായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ കയ്യോടെ പിടികൂടി അധ്യാപകർ.അതിരുവിട്ട ആഘോഷം നടത്താനുളള വിദ്യാര്‍ത്ഥികളുടെ ശ്രമം സ്‌കൂള്‍ അധികൃതരുടെ ജാഗ്രതയില്‍ പൊളിഞ്ഞിരിക്കുകയാണ്. ചില ബാഗുകളിൽ ഹോളി ആഘോഷങ്ങൾക്കുള്ള ചായവും ഉണ്ടായിരുന്നു.ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വ്യാഴാഴ്ച പ്ലസ് ടു കൊമേഴ്‌സ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥികളുടെ പരീക്ഷ തീരുന്ന ദിവസം ആയിരുന്നു.മുൻവർഷങ്ങളിൽ സ്കൂളിലുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ ബാഗ് പരിശോധിച്ച അധ്യാപകരാണ് വിലകൂടിയ മൊബൈൽ ഫോണുകൾ മുതൽ പടക്കം വരെ കണ്ടെടുത്തത്.വിലപിടിപ്പുള്ള 30 മൊബൈല്‍ ഫോണുകള്‍, വിവിധ തരത്തിലുള്ള പടക്കങ്ങള്‍, മുഖംമൂടികള്‍, വിവിധ തരം ചായങ്ങള്‍, വലിയ തരം വാദ്യോപകരണങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്.രക്ഷിതാവിന്റെ ആഡംബര ജീപ്പുമായാണ് ഒരു വിദ്യാര്‍ഥി എത്തിയത്. ഉടന്‍ അധ്യാപകര്‍ ആറളം പൊലിസിനെ വിളിച്ച് വരുത്തി സാധനങ്ങള്‍ കൈമാറി. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ മടങ്ങും വരെ സ്‌കൂളിന് കാവല്‍ നിന്ന പൊലിസ് അധ്യാപകര്‍ കൈമാറിയ സാധനങ്ങള്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.പൊലിസ് വിളിപ്പിച്ചതനുസരിച്ച് രക്ഷിതാക്കളും സ്റ്റേഷനിലെത്തി.വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ പിടിച്ചെടുത്ത വസ്തുക്കൾ പോലീസ് രക്ഷിതാക്കൾക്ക് കൈമാറി.അധ്യയനത്തിന്റെ അവസാന ദിവസം അതിരുകടന്ന ആഘോഷമാക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിച്ചാല്‍ കര്‍ശനമായി നേരിടാന്‍ പൊലിസ് തീരുമാനിച്ചു. പ്ലസ്ടു പരീക്ഷ 27 നും എസ്‌എസ്‌എല്‍സി പരീക്ഷ 28 നുമാണ് തീരുന്നത്. ഈ രണ്ടു ദിവസവും മുഴുവന്‍ സ്‌കൂള്‍ പരിസരങ്ങളും പൊലിസ് നിരീക്ഷണത്തിലായിരിക്കും.