കോയമ്പത്തൂർ:അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പരിശീലിപ്പിക്കാന്‍ നടത്തിയ മോക് ഡ്രില്ലിനിടെ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോയമ്ബത്തൂരിലെ ഒരു സ്വകാര്യ കോളേജില്‍ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. പത്തൊമ്പതുകാരിയായ ലോഗേശ്വരിയാണ് പരിശീലകന്റെ അനാസ്ഥ മൂലം മരിച്ചത്.കോവൈ കലൈമഗള്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ലോഗേശ്വരി. മോക് ഡ്രില്ലിന്‍റെ ഭാഗമായി കോളേജിന്‍റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയപ്പോള്‍ ആയിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥി ചാടാന്‍ മടിച്ച് നില്‍ക്കുകയും പരിശീലകന്‍ തള്ളിയിടുകയുമായിരുന്നു. കെട്ടിടത്തിന് താഴെ മറ്റു കുട്ടികൾ പിടിച്ചു നിൽക്കുന്ന വലയിലേക്കാണ് ചാടേണ്ടിയിരുന്നത്.താഴേക്ക് ചാടുമ്പോൾ പെൺകുട്ടിയുടെ തല കെട്ടിടത്തിന്റെ സൺഷേഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തു.അപകടത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.പെൺകുട്ടി കെട്ടിടത്തിൽ നിന്നും ചാടാൻ മടിക്കുന്നതും പരിശീലകൻ പിന്നിൽ നിന്നും തള്ളിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് മോക് ഡ്രിൽ നടന്നതെന്ന് കോളേജ് അധികൃതർ പറഞ്ഞു.എന്നാൽ സംഭവം അറിഞ്ഞിട്ടില്ലെന്ന് തമിഴ്‌നാട് ദുരന്ത നിവാരണ ഏജൻസി പ്രതികരിച്ചു.