തിരുവനന്തപുരം; ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരേ കേരളത്തിലും വിദ്യാര്‍ത്ഥി പ്രതിഷേധം. ഡിവൈഎഫ് ഐ, കെഎസ് യു പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി രാജ്ഭവനിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.ആദ്യം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. രാത്രി 11.30-ഓടെയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. രാജ്ഭവന് മുന്നില്‍ ബാരിക്കേഡുകള്‍ വെച്ച് പോലീസ് പ്രതിഷേധ മാര്‍ച്ച് തടഞ്ഞു. എന്നാല്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനു ശേഷവും പ്രതിഷേധക്കാര്‍ ബാരിക്കേഡിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ഇതിന് പിന്നാലെയാണ് കെ.എസ്.യു. പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ചുമായി എത്തിയത്.സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാര്‍ച്ചിന് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഞായറാഴ്ച അര്‍ധരാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വിദ്യാര്‍ഥി, യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം നടത്തിയതിനാണ് ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതച്ചത്.