Kerala

പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസില്‍ വിദ്യാത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; 6പ്രതികള്‍ കസ്റ്റഡിയില്‍

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസില്‍ രണ്ടാം വർഷ ബിവി എസ്സി വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാർഥിനെ (20) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപാഠികളടക്കം ആറു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ബുധനാഴ്ച ഉച്ചയോടെയാണ് കേസില്‍ പുതുതായി പ്രതിചേർത്ത ആറുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, കേസില്‍ ആദ്യം പ്രതിചേർത്ത എസ്.എഫ്.ഐ. നേതാക്കള്‍ ഉള്‍പ്പെടെയുള്ള 12 പേർ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. ഈ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ സിദ്ധാർഥിനെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ പ്രസിഡന്റും അടക്കം 12 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു.വിദ്യാർത്ഥി ക്രൂരമർദനത്തിനിരയായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മരിക്കുന്നതിനിന് രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകള്‍ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. വടികൊണ്ട് അടിച്ചതിന്റെയടക്കം പാടുകളുമുണ്ട്. കഴുത്തിലെ മുറിവില്‍ അസ്വാഭാവികതയുണ്ട്. കുരുക്കു മുറുകിയ ഭാഗത്ത് അസാധാരണ മുറിവാണ്. തൂങ്ങിയതാണു മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളേജില്‍വെച്ച്‌ സിദ്ധാർഥന് ക്രൂരമർദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടർച്ചയായി മർദിച്ചെന്നും ആരോപണമുണ്ടായിരുന്നു.വിദ്യാർത്ഥി ക്രൂരമർദനത്തിനിരയായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്.

അതേസമയം സിദ്ധാർത്ഥ് ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ടി. ജയപ്രകാശ് പറഞ്ഞു. മകനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും പിതാവ് ആരോപിച്ചു.സഹപാഠികള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും അച്ഛൻ പറഞ്ഞു. മരിക്കുന്ന ദിവസവും ഫോണില്‍ സംസാരിച്ച സിദ്ധാർത്ഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ഷീബയും പറയുന്നത്.വാലന്റൈൻസ് ദിനത്തില്‍ സീനിയർ വിദ്യാർത്ഥികള്‍ക്കൊപ്പം സിദ്ധാർത്ഥ് നൃത്തം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ സീനിയർ വിദ്യാർത്ഥികളായ എസ്‌എഫ്‌ഐ നേതാക്കള്‍ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നാണ് സഹപാഠികള്‍ തന്നെ അറിയിച്ചതെന്ന് അച്ഛൻ പറഞ്ഞു.ഫെബ്രുവരി 18നാണ് സിദ്ധാർത്ഥനെ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 ന് വീട്ടിലേക്ക് വരാൻ ട്രെയിൻ കയറിയിരുന്നു. ഇതിനിടെ ഒരു സഹപാഠി ആവശ്യപ്പെട്ട പ്രകാരം തിരിച്ചുപോയെന്നാണ് സിദ്ധാർത്ഥൻ പറഞ്ഞതെന്ന് അമ്മ പറയുന്നു. എന്നും ഫോണില്‍ നന്നായി സംസാരിക്കുന്ന മകൻ തിരിച്ചുപോയ ശേഷം കാര്യമായൊന്നും സംസാരിച്ചില്ലെന്ന് അമ്മ പറഞ്ഞു.

Previous ArticleNext Article