സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയിൽ നിന്നും പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ സ്കൂളുകള്‍ വൃത്തിയാക്കാന്‍ നടപടികളെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. വയനാട്ടിലെ മുഴുവന്‍ സ്കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ ഉത്തരവിട്ടു. ഇന്ന് തന്നെ ജില്ലയിലെ എല്ലാ സ്കൂളും പരിസരവും വൃത്തിയാക്കണമെന്നാണ് നിര്‍ദേശം.അടിയന്തര സാഹചര്യത്തില്‍ ഇടപെടുന്നതില്‍ സ്കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ഉത്തരവില്‍ പറയുന്നു. ജാഗ്രതക്കുറവ് തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.എല്ലാ ക്ലാസ് മുറികളും പ്രധാന അധ്യാപകന് പിടിഎയുടെ നേതൃത്വത്തില്‍ ഇന്ന് തന്നെ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം, ടോയ്ലറ്റും ടോയ്ലറ്റിലേക്ക് പോകുന്ന വഴികളും ഇന്നുതന്നെ വൃത്തിയാക്കണം,ക്ലാസ് മുറിയില്‍ കുട്ടികള്‍ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവില്‍ പറയുന്നു. എല്ലാമാസവും പരിശോധന തുടരണമെന്നും നിര്‍ദേശമുണ്ട്.കളിസ്ഥലത്തും വിവിധ ആവശ്യങ്ങള്‍ക്ക് സ്കൂളില്‍ സ്ഥാപിച്ചിരിക്കുന്ന ബോക്സുകളിലും പാമ്പ് വരാനുള്ള സാഹചര്യം ഇല്ല എന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. പ്രധാനധ്യാപകന്റെ നിര്‍ദേശം സ്കൂളിലെ അധ്യാപകര്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. വയനാട് ജില്ലയിലെ മുഴുവന്‍ സ്കൂളുകള്‍ക്കും ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ട്. സ്കൂളുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടറും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്നാണ് നടപടി.