ചെന്നൈ: മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ വിദ്യാർഥിനി ജീവനൊടുക്കി. തമിഴ്നാട്ടിലെ അരിയല്ലൂർ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്.നേരത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്ലസ് ടുവിന് 1200 ൽ 1176 മാർക്ക് നേടിയാണ് അനിത വിജയിച്ചത്. കേരളത്തിൽ നിന്നും വ്യത്യസ്തമായി തമിഴ്നാട്ടിലെ ഭൂരിഭാഗം വിദ്യാർത്ഥികളും അവരുടെ പ്രാദേശിക ഭാഷയായ തമിഴിലാണ് പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്നത്.എന്നാൽ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ എഴുതാൻ അനുവാദമുണ്ടായിരുന്നുള്ളൂ.ഇതിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും കേന്ദ്ര സർക്കാർ പിന്തുണച്ചില്ല.തുടർന്നാണ് അനിത ഇത്തവണത്തെ നെറ്റ് പരീക്ഷയിൽ പ്രാദേശിക ഭാഷയിൽ എഴുതാൻ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.എന്നാൽ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.