കണ്ണൂര്‍: ഐ.എ.എസ് പാസ്സാവാനായി ജോത്സ്യന്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കിക്കുടിച്ച വിദ്യാര്‍ത്ഥിയുടെ കാഴ്ചയ്ക്ക് മങ്ങലേറ്റതായി പരാതി.കണ്ണൂര്‍ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസില്‍ മൊബിന്‍ ചന്ദാണ് കണ്ണാടിപ്പറമ്ബ് സ്വദേശിയായ ജോത്സ്യനെതിരെ കണ്ണവം പോലീസില്‍ പരാതി നല്‍കിയത്.വ്യാജ ഗരുഡ രത്‌നം, തങ്കഭസ്മം, വിദേശ ലക്ഷ്മി യന്ത്രം എന്നിവ നല്‍കി 11,75,000 രൂപ വാങ്ങിയതായാണ് പരാതി.വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുറ്റി അടിക്കല്‍ മൂഹൂര്‍ത്തം നോക്കാനായാണ് മൊബിന്‍ ചന്ദ് ആദ്യമായി ജോത്സ്യനെ സമീപിക്കുന്നത്. തുടര്‍ന്ന് വാഹനാപകടത്തില്‍ മൊബന്‍ചന്ദ് മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് ജോത്സ്യന്‍ ഇയാളുടെ ഭാര്യയെയും മറ്റു ബന്ധുക്കളെയും വിശ്വസിപ്പിക്കുകയും ആദിവാസികളില്‍ നിന്ന് ലഭിക്കുന്ന ഗരുഡ രത്‌നം പത്തെണ്ണം വാങ്ങി വീട്ടില്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.ഇതിന് പുറമേ ഭാവിയില്‍ മകന്‍ IAS പരീക്ഷ പാസ്സാവാനായി തങ്കഭസ്മം കഴിപ്പിക്കണമെന്നും വീട്ടില്‍ വിദേശ ലക്ഷ്മി യന്ത്രം സൂക്ഷിക്കണമെന്നും ജോത്സ്യനെന്ന് പറയപ്പെടുന്ന ഇയാള്‍ പറയുകയായിരുന്നു.