Kerala, News

മൽസ്യത്തിലെ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സ്ട്രിപ്പ് ഉടൻ വിപണിയിലെത്തും

keralanews strip used to find out the presence of formalin in fish will be launched in the market soon

കൊച്ചി:മൽസ്യത്തിലെ ചേർത്തിരിക്കുന്ന മാരക രാസവസ്തുവായ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സ്ട്രിപ്പ് ഉടൻ വിപണിയിലെത്തും.സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ രണ്ട് വനിതാ ശാസ്ത്രജ്ഞരായ എസ്.ജെ. ലാലി, ഇ.ആര്‍. പ്രിയ എന്നിവര്‍ ചേര്‍ന്നാണ് സ്ട്രിപ്പ് വികസിപ്പിച്ചെടുത്തത്. പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ 500 സ്ട്രിപ്പുകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു. ഇവ വിജയകരമാണെന്ന് കണ്ടെത്തിയതോടെയാണ് കിറ്റ് വിപണിയിലിറക്കാന്‍ തീരുമാനിച്ചത്. മൃതദേഹം കേടുകൂടാതെ സൂക്ഷിക്കുന്ന ഫോര്‍മലിന്‍ എന്ന രാസവസ്തു കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകും. അമോണിയയും മീനുകളില്‍ കലര്‍ത്താറുണ്ട്. ഈ പ്രവണതകള്‍ വ്യാപകമായതോടെയാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി പഠനം തുടങ്ങിയത്.ഫോര്‍മാലിന്‍, അമോണിയ എന്നിവ കണ്ടെത്തുന്നതിന് രണ്ട് കിറ്റുകളാണ് പുറത്തിറക്കുന്നത്. കിറ്റുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ വിപണിയിലിറക്കാന്‍ സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയിരുന്നു.സ്ട്രിപ്പ്, രാസലായിനി, നിറം മാറുന്നത് ഒത്തുനോക്കുന്നതിനുള്ള കളര്‍ ചാര്‍ട്ട് എന്നിവയാണ് കിറ്റിലുണ്ടാകുക. സ്ട്രിപ്പ് മീനില്‍ പതിയെ അമര്‍ത്തിയ ശേഷം അതിലേക്ക് ഒരു തുള്ളി രാസലായിനി ഒഴിക്കണം. മീനില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഉടനെ സ്ട്രിപ്പിന്റെ നിറം മാറും. മൂന്നു നിമിഷങ്ങള്‍ക്കകം വിവരമറിയാം.വാണിജ്യാടിസ്ഥാനത്തില്‍ നിർമിക്കുമ്പോൾ ഒരു സ്ട്രിപ്പിന് പരമാവധി ഒന്നോ രണ്ടോ രൂപ മാത്രമേ ചെലവു വരൂ എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കിറ്റിന് ഒരു മാസം വരെ കാലാവധിയുണ്ടാകും.

Previous ArticleNext Article