തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പി.ജി ഡോക്ടര്‍മാര്‍ 16 ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു.വ്യാഴാഴ്ച രാത്രിയോടെ മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ ഉറപ്പിന്മേലാണ് തീരുമാനം. വെള്ളിയാഴ്ച രാവിലെമുതല്‍ എല്ലാവരും ജോലിയില്‍ പ്രവേശിക്കുമെന്ന് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ (കെ.എം.പി.ജി.എ) ഭാരവാഹികള്‍ അറിയിച്ചു.ബുധനാഴ്ച ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ സമരം ഭാഗികമായി അവസാനിപ്പിക്കുകയും അത്യാഹിത വിഭാഗത്തിലും ലേബര്‍ റൂമിലും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.വൈകീട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷുമായി അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയാണ് സമരം അവസാനിപ്പിക്കാന്‍ വഴിയൊരുങ്ങിയത്.നിലവില്‍ നിയമിച്ച ജൂനിയര്‍ റെസിഡന്‍റുമാര്‍ക്ക് പുറമെ ഈ വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കുന്നവരെ അടുത്ത ബാച്ച് എത്തുന്നതുവരെ തുടരാന്‍ നിര്‍ദേശം നല്‍കും.ഒന്നാംവര്‍ഷ ബാച്ച് പ്രവേശനത്തിനായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തും. സ്‌റ്റൈപ്പൻഡ് വർധനവ്, അലവൻസുകൾ എന്നിവയിൽ എത്രയും വേഗം തീരുമാനം ഉണ്ടാക്കാൻ ഇടപെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെഎംപിജിഎ അറിയിച്ചു.അതേസമയം കെഎംപിജിഎ അസോസിയേഷൻ പ്രസിഡൻറ് ഡോ.എം.അജിത്രയെ അധിക്ഷേപിച്ച സംഭവത്തിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പരാമർശം നടത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.