
ഇരിട്ടി: ആറളം ഫാമിലെ സമരം തുടരുന്നതിനിടെ തൊഴിലാളികളും ജീവനക്കാരും എംഡിയുടെ വാഹനം തടഞ്ഞുവച്ചു. സമരം അവസാനിക്കുന്നതു വരെ വാഹനം വിട്ടുനല്‍കില്ലന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ 9.45 ഓടെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ഫാം ഓഫീസിന് മുന്നില്‍ വാഹനം തടഞ്ഞുവച്ചത്.സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ആറളം എസ്‌ഐ സജിത് കുമാറിന്‍റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ 24ന് ആരംഭിച്ച സമരം അവസാനിപ്പിക്കാനായി ഫാം എംഡി ടി.കെ വിശ്വനാഥന്‍നായരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സംഘര്‍ഷാവസ്ഥയായതിനാല്‍ എംഡി ഇനി ഫാമിലെത്താനിടയില്ല. കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന എംഡിക്ക് ഫാമിലെ സമരം തീര്‍ക്കാന്‍ താത്പര്യമില്ലെന്നും അഴിമതിയും കെടുകാര്യസ്ഥയും കൊണ്ട് ഫാം നശിക്കുകയാണെന്നും തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു.കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച എംഡി ഈ സര്‍ക്കാരിലും സ്വാധീനം ചെലുത്തി ഇവിടെ തുടരുകയാണെന്നും തൊഴിലാകള്‍ ആരോപിക്കുന്നുണ്ട്. ചര്‍ച്ച പരാജയപെട്ടതോടെ സമരത്തിന്‍റെ രണ്ടാം ഘട്ടമെന്ന നിലയില്‍ നിരാഹാരസമരവും തിരുവോണ ദിവസം പട്ടിണി സമരവും നടത്താന്‍ തൊഴിലാളികളും ജീവനക്കാരും തീരുമാനിച്ചു.