കാസർകോഡ്:ഉപ്പള റെയിൽവേ സ്റ്റേഷനെ തരംതാഴ്ത്തിയ നടപടിയിൽ പ്രതിഷേധിച്ച് നടത്തുന്ന അനിശ്ചിതകാല സമരം ഫലം കാണുന്നു.’ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയുമാണ് സത്യാഗ്രഹ സമരം നടത്തുന്നത്. സമരം ആരംഭിച്ച് 17 ദിവസം കഴിയുമ്പോൾ സമര സമിതി നേതാക്കളെ ഡി ആര്‍ എം ചര്‍ച്ചക്ക് വിളിച്ചു.പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തുന്ന പി കരുണാകരന്‍ എം പിയുമായി ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പാടി, പൈവളിഗെ, മീഞ്ച പഞ്ചായത്തിലെ ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ യാത്രാകേന്ദ്രവുമാണ് ഉപ്പള. നേത്രാവതി, മാവേലി, ഏറനാട്, പരശുറാം എക്‌സ്പ്രസുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കുക, ഉപ്പള ടൗണിനെ തീരദേശ പ്രദേശമായ മണിമുണ്ടയുമായി ബന്ധിപ്പിക്കാനായുള്ള മേല്‍പാലം നിര്‍മ്മിക്കുക, റിസര്‍വേഷന്‍ കൗണ്ടര്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല സത്യാഗ്രഹം.നിരവധി പേരാണ് ദിവസേന സമര പന്തല്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്.