കണ്ണൂർ:സ്കൂൾ വാഹനങ്ങളിൽ വിദ്യാർത്ഥികളെ കുത്തി നിറച്ചു കൊണ്ടുപോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കും.ഒപ്പം സ്കൂൾ അധികൃതർക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്തുകയും ചെയ്യും.കഴിഞ്ഞ ദിവസം ജില്ലയിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളെ കുത്തിനിറച്ചു കൊണ്ടുപോയ എട്ടു വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. അടുത്ത ദിവസം ബന്ധപ്പെട്ട സ്കൂൾ അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകും. വരും ദിവസങ്ങളിലും മിന്നൽ പരിശോധനകൾ തുടരുമെന്ന് കണ്ണൂർ ആർടിഒ എം.മനോഹരൻ പറഞ്ഞു.സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ കർശന നിബന്ധനകളാണ് നൽകിയിരിക്കുന്നത്.സ്കൂൾ ബസ്സുകളിൽ അറ്റൻഡർ ഉണ്ടായിരിക്കണം,ഡ്രൈവർമാർക്ക് കുറഞ്ഞത് പത്തുവർഷത്തെ പരിചയം ഉണ്ടായിരിക്കണം,ബസ്സുകളിൽ സ്പീഡ് ഗവർണർ സ്ഥാപിക്കണം,മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ മാത്രമേ ഓടിക്കാവൂ,തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.സ്വകാര്യ ടാക്‌സികൾ ഉൾപ്പെടെ ആയിരത്തോളം വാഹനങ്ങളാണ് ജില്ലയിൽ വിദ്യാർത്ഥികളെ കയറ്റിപോകുന്നത്.ഈ അധ്യയന വർഷം തുടങ്ങുന്നതിനു മുൻപായി വാഹനങ്ങൾക്ക് ഫിറ്റ്നസ് പരിശോധന നടത്തി സ്റ്റിക്കർ പതിച്ചിരുന്നു.സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങൾ കണ്ടെത്തി പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ തുടരുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.
Kerala, News
സ്കൂൾ വാഹനങ്ങളിൽ വിദ്യാർത്ഥികളെ കുത്തിനിറച്ച് കൊണ്ടുപോയാൽ കർശന നടപടി
Previous Articleകനത്ത മഴ;കർണാടക വനത്തിൽ ഉരുൾപൊട്ടി