തിരുവനന്തപുരം: കുപ്പി വെള്ളത്തിന് അമിത വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി മന്ത്രി പി.തിലോത്തമന്‍. അമിത വില ഈടാക്കിയ 131 കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസ് റജിസ്റ്റര്‍ ചെയ്ത് 3.30 ലക്ഷം രൂപ പിഴ ഈടാക്കി.ഒരു ലിറ്റർ കുപ്പിവെള്ളത്തിന് പരമാവധി 13 രൂപ ഈടാക്കാം.ഹോട്ടലുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളിലൂടെ മാത്രമേ കുപ്പി വെള്ളം വില്‍ക്കുന്നുള്ളൂ. ഇവിടങ്ങളില്‍ അമിത വിലയാണെന്ന് ഒട്ടേറെ പരാതികള്‍ മന്ത്രിക്കു ലഭിച്ചിരുന്നു.അവശ്യ വസ്തു നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുപ്പിവെള്ളത്തിന് 13 രൂപയില്‍ കൂടുതല്‍ ഈടാക്കാനാവില്ല. അമിത വില ഈടാക്കുന്നവര്‍ കുറഞ്ഞത് 5,000 രൂപ പിഴ നല്‍കണം. സെയില്‍സ്മാന്‍, മാനേജര്‍, കടയുടമ എന്നിവരുള്ള സ്ഥാപനമാണ് അമിതവില വാങ്ങുന്നതെങ്കില്‍ ഇവര്‍ 3 പേരും 5,000 രൂപ വീതം പിഴ അടയ്ക്കണം. ടോള്‍ ഫ്രീ നമ്പറായ 1800 425 4835, ‘സുതാര്യം’ മൊബൈല്‍ ആപ്ലിക്കേഷന്‍, lmd.kerala.gov.in എന്നിവ വഴി പരാതികള്‍ അറിയിക്കാം.