കണ്ണൂർ: ജില്ലയിൽ തെരുവുനായ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടി ആരംഭിക്കാൻ ജില്ലാ ആസൂത്രണ സമിതി തീരുമാനം. തലശ്ശേരി കോപ്പാലം, കുത്തുപറമ്പ് ബ്ലോക്ക് പരിധി, പരിയാരം, ശ്രീകണ്ഠാപുരം നഗരസഭാ പരിധി, എരമം കുറ്റൂർ, കുറുമാത്തൂർ, അഴീക്കോട് പള്ളിക്കുന്നുമ്പ്രം എന്നീ സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. ഈ സ്ഥലങ്ങൾ അനുയോജ്യമാണോ എന്ന് പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. ജനങ്ങൾക്ക് എബിസി കേന്ദ്രങ്ങളോട് എതിർപ്പ് പാടില്ല. ഈ കേന്ദ്രങ്ങൾ കൊണ്ട് പ്രദേശവാസികൾക്ക് ഒരു പ്രയാസവും ഉണ്ടാകില്ലെന്നും മാലിന്യം പൊതു ഇടങ്ങളിൽ തള്ളിയാൽ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതായി പി പി ദിവ്യ പറഞ്ഞു.അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.പത്തനംതിട്ട കുളനടയിൽ ഒൻപതുപേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ത്യശൂരിൽ തെരുവുനായുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ സൈക്കിൾ പോസ്റ്റിലിടിച്ച് വീണ് വിദ്യാർഥിയുടെ പല്ലുകൾ കൊഴിഞ്ഞു.ചിയ്യാരത്തെ ജെറി യാസിന്റെ മകൻ 16 കാരനായ എൻ ഫിനോവിനാണ് പരിക്കേറ്റത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങിവരുന്നതുനിടയിലാണ് അപകടം. അക്രമിക്കുന്നതിനടയിൽ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ സൈക്കിള്‍ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ മൂന്ന് പല്ലുകൾ കൊഴിഞ്ഞു, മുഖത്ത് പരിക്കേറ്റിട്ടുമുണ്ട്.