ന്യൂഡല്‍ഹി: കൊച്ചുവേളി – മംഗളൂരുഅന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് ഉള്‍പ്പെടെ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എം പി ഉൾപ്പെടെയുള്ളവർ നടത്തിയ ഇടപെടല്‍ ഫലം കണ്ടു.അന്ത്യോദയ എക്‌സപ്രസിന് കേരളത്തില്‍ രണ്ടു സ്റ്റോപ്പുകള്‍ കൂടി അനുവദിച്ച് റെയില്‍വെ മന്ത്രാലയത്തിന്റെ ഉത്തരവ്. കാസര്‍കോടും ആലപ്പുഴയുമാണ് പുതുതായി അനുവദിച്ച സ്‌റ്റോപ്പുകള്‍. പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ച വിവരം കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ രാജ്യസഭാ എംപി വി മുരളീധരനെയാണ് അറിയിച്ചത്. ഉത്തരവിന്റെ കോപ്പി ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.കൊച്ചുവേളി – മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് നിഷേധിച്ചത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ റെയില്‍വെ മന്ത്രിക്കും ചെയര്‍മാനും ജനറല്‍ മാനേജര്‍ക്കും പി കരുണാകരന്‍ എം പി നിവേദനം നല്‍കിയിരുന്നു. സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ ചെയിന്‍ വലിച്ച് നിര്‍ത്തി പ്രതിഷേധിച്ചിരുന്നു. ഡിവൈഎഫ്‌ഐ റെയില്‍വെ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് ആണ് സംഘടിപ്പിച്ചത്. രാജ്യസഭ എംപി വി മുരളീധരന്‍ വഴി ബിജെപിയും റയില്‍വെ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.ട്രെയിനിന്റെ ടൈം ഷെഡ്യൂളില്‍ മാറ്റം വരുത്തിയ ശേഷം ഒരാഴ്ചക്കുള്ളില്‍ തന്നെ ട്രെയിനിന് കാസര്‍കോട്ടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിക്കുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ അറിയിക്കുന്നത്.