കണ്ണൂർ:പശുവിനെ മോഷ്ടിച്ച് അറുത്തു വിറ്റയാൾ പോലീസ് പിടിയിലായി.മടക്കര സ്വദേശിയായ കൊവ്വമ്മൽ ആഷിക്കിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇടക്കേപ്പുറം പടിഞ്ഞാറേ മുണ്ടവളപ്പിൽ വത്സലന്റെ നാലുവയസ്സുള്ള കറുത്ത പശുവിനെ കാണാതായത്. പശുവിനെ കെട്ടിയിരുന്ന കയറിന്റെ ഒരുകഷ്ണം സ്ഥലത്തു ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.തുടർന്നാണ് പശുവിനെ ആരോ മോഷ്ടിച്ചതാണെന്ന് മനസ്സിലായത്.തുടർന്ന് വത്സലൻ പോലീസിൽ പരാതി നൽകി.പരാതി ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പശുവിന്റെ കാൽപ്പാടുകൾ പിന്തുടർന്നു.വത്സലന്റെ വീട് മുതൽ മാട്ടൂൽ വയൽക്കരവരെ കാലടിയുണ്ടായിരുന്നു.പിന്നീട് ഒന്നും കണ്ടില്ല.ഇതോടെ പശുവിനെ അറുത്തിട്ടുണ്ടാകുമെന്ന് സംശയമായി.വളപട്ടണത്തെ ഒരു തുകൽ ഫാക്റ്ററിയിൽ നിന്നും പശുവിന്റെ കറുത്ത തുകലും ലഭിച്ചു.തുകൽ എവിടെ നിന്നും കൊണ്ടുവന്നതാണെന്നറിയാൻ സമീപത്തുള്ള അറവുശാലകളിൽ അന്വേഷിച്ചു.അവിടെയൊന്നും പശുവിനെ അറുത്തിട്ടില്ലെന്നു ബോധ്യമാവുകയും പശുവിനെ വേണമെന്ന് അന്വേഷിച്ചിറങ്ങിയ ഒരു സംഘത്തെ കുറിച്ച് അവിടെ നിന്നും സൂചന ലഭിക്കുകയും ചെയ്തു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുഴയുടെ കരയിൽ കൂട്ടിയിട്ടിരുന്ന മണൽ വാരാൻ ഉപയോഗിക്കുന്ന ചീനകളുടെ മറവിൽ പശുവിനെ അറുത്തതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി.അവിടെ നിന്നും ലഭിച്ച കയറിന്റെ കഷ്ണങ്ങൾ വത്സലനെ കാണിച്ചപ്പോൾ അത് തന്റെ പശുവിനെ കെട്ടിയതായിരുന്നെന്നു ബോധ്യമായി.തുടർന്ന് ഇവിടെ അറവ് നടത്തുന്നവരെ ചോദ്യം ചെയ്തപ്പോൾ പശുവിനെ വിറ്റയാളെയും മനസിലായി.പിന്നീട് പോലീസ് ആഷിക്കിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Kerala, News
പശുവിനെ മോഷ്ടിച്ച് അറുത്ത് വിറ്റു,പ്രതി അറസ്റ്റിൽ
Previous Articleതലശ്ശേരിയിൽ നിന്നും 61 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി