Kerala, News

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു

keralanews state womans commission chairperson m c josephine resigned

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു.ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെ ജോസഫൈന്‍ യുവതിയോട് മോശമായി സംസാരിച്ചതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജി.പാർട്ടി ആവശ്യപ്പെട്ടതോടെയാണ് ജോസഫൈൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചത്. അധികാര കാലാവധി 11 മാസം കൂടി ബാക്കി നിൽക്കുന്നതിനിടെയാണ് ജോസഫൈൻറെ രാജി.പരാമര്‍ശത്തെക്കുറിച്ച്‌ ജോസഫൈന്‍ യോഗത്തില്‍ വിശദീകരിച്ചു. നേതാക്കളും ജോസഫൈന്റെ നിലപാടിനെ വിമര്‍ശിച്ചതായാണ് സൂചന. പരാതി പറയാന്‍ വിളിക്കുന്നവരോട് കാരുണ്യമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.ജോസഫൈനെ തടയാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എകെജി സെന്ററിനു മുന്നിലെത്തിയിരുന്നു. സംസ്ഥാനമൊട്ടാകെ വ്യാപകമായ വിമര്‍ശനമാണ് ജോസഫൈനെതിരെ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം നടന്ന ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് ജോസഫൈൻ യുവതിയോട് അപമര്യാദയായി പെരുമാറിയത്. ഗാർഹിക പീഡനത്തിന് പരാതി നൽകാൻ വിളിച്ച യുവതിയോട് ക്ഷുഭിതയായി സംസാരിക്കുകയും ആശ്വാസവാക്കുകൾ നൽകുന്നതിന് പകരം മോശമായി രീതിയിൽ പെരുമാറുകയുമാണ് ജോസഫൈൻ ചെയ്തത്. സ്ത്രീധന പീഡനങ്ങളും ആത്മഹത്യകളും സംസ്ഥാനത്ത് ഉയർന്നുവരുന്ന സാഹചര്യത്തിൽ വനിത കമ്മീഷൻ അദ്ധ്യക്ഷയുടെ ഭാഗത്ത് നിന്നും ഉണ്ടായത് തികച്ചും ഉത്തരവാദിത്വമില്ലാത്ത തരത്തിലുള്ള പരാമർശം ആയിരുന്നു എന്നുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ജോസഫൈനെതിരെ കോണ്‍ഗ്രസ് വഴി തടയല്‍ സമരം പ്രഖ്യാപിച്ചിരുന്നു. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ കെ സുധാകരന്‍റെ ആദ്യ സമരപ്രഖ്യാപനം ആണിത്. ഇതാദ്യമായല്ല ജോസഫൈനില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നതെന്നും ഇനിയും വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത് അവരെ തുടരാന്‍ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരം പ്രഖ്യാപിച്ചു കൊണ്ട് സുധാകരന്‍ പറഞ്ഞിരുന്നു.

Previous ArticleNext Article