തിരുവനന്തപുരം:സംസ്ഥാനം നാളെ മുതല്‍ സമ്പൂർണ്ണ അടച്ചുപൂട്ടലിലേയ്ക്ക്.കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നാളെ തുടങ്ങും.മെയ് 16 വരെയാണ് ലോക്ഡൗണ്‍.പച്ചക്കറി,പലചരക്ക്, റേഷന്‍ കടകള്‍ അടക്കമുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ വൈകുന്നേകം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാല്‍ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. കെഎസ്‌ആര്‍ടിസി, ബസ്, ടാക്സികള്‍ അടക്കം പൊതുഗതാഗതം ഒന്നും തന്നെ ഉണ്ടായിരിക്കില്ല. ആശുപത്രി, വാക്സിനേഷന്‍, എയര്‍പോര്‍ട്ട്, റെയില്‍വേസ്റ്റേഷന്‍ തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഇളവ്. എന്നാല്‍ ചരക്ക് ഗതാഗതത്തിന് തടസ്സമില്ല. അന്തര്‍ ജില്ലാ യാത്രകള്‍ പാടില്ല. അടിയന്തിര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും അടച്ചിടും. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പത്ത് മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സര്‍വ്വീസ് പ്രവര്‍ത്തിക്കാം. പെട്രോള്‍ പമ്പുകളും വര്‍ക്ക് ഷോപ്പുകളും തുറക്കാം. ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനം അനുവദിക്കും.വിശ്വാസികള്‍ക്ക് പ്രവേശനമില്ലാതെ ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ മാത്രം നടത്താം. വീട്ടുജോലിക്ക് പോകുന്നവരെ തടയില്ല. വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രം പങ്കെടുക്കാം. സ്വകാര്യവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. ഓട്ടോ ടാക്സി അവശ്യ സേവനത്തിന് മാത്രം. എല്ലാത്തരം ആവശ്യങ്ങള്‍ക്കും പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം.എന്ത് ആവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്ന് പൊലീസിനെ ബോധ്യപ്പെടുത്തണം.വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പൊലീസിനെ കാണിക്കണം. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം പൊലീസിന് കേസെടുക്കാന്‍ സാധിക്കും. മാത്രമല്ല, നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കും.മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ള മലയാളികള്‍ക്ക് നാട്ടില്‍ തിരിച്ചെത്താന്‍ ഇന്ന് സൗകര്യമുണ്ട്. കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസ് ഇന്ന് ലഭ്യമാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഇത്തരം യാത്രകള്‍ അനുവദനീയമല്ല. അതുകൊണ്ട് കേരളത്തില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് തന്നെ അതിനായി പരിശ്രമിക്കണം.എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവയില്‍ നിന്നുള്ള യാത്രക്കും തടസ്സമില്ല. മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളും അടക്കണം. ലോക്ക്ഡൗണില്‍ കുടുങ്ങിയ ആളുകളെയും ടൂറിസ്റ്റുകള്‍ക്കും വേണ്ടി ഹോട്ടലുകളും ഹോം സ്റ്റേ കളും തുറക്കാം.