Kerala, News

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ ആലപ്പുഴയിൽ തന്നെ നടത്തും

keralanews state school festival will conduct in alappuzha in december

തിരുവനന്തപുരം:ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ ആലപ്പുഴയിൽ വെച്ച് നടത്താൻ തീരുമാനം.ദിവസം കുറച്ച് ചിലവ് ചുരുക്കിയായിരിക്കും കലോത്സവം നടത്തപ്പെടുക.ഗ്രേസ് മാർക്കിന്റെ പ്രയോജനം ലഭിക്കുന്ന ഹൈ സ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗക്കാർക്ക് മാത്രമേ സംസ്ഥാന തലത്തിൽ മത്സരം ഉണ്ടാവുകയുള്ളൂ.എൽ.പി,യു.പി തല മത്സരം സ്കൂൾ തലത്തിൽ അവസാനിപ്പിക്കും.പ്രളയബാധിത മേഖലയായ ആലപ്പുഴയിൽ കലോത്സവം നടത്തുന്നത് ജില്ലയ്ക്കും ദുരിതബാധിതർക്കും ആത്മവിശ്വാസം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.കായിക,ശാസ്ത്രമേളകളും മുൻനിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനും വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കലോത്സവ മാനുവൽ പരിഷ്‌ക്കരണ സമിതി തീരുമാനിച്ചു.മത്സരയിനങ്ങൾ കുറയ്ക്കാതെ ദിവസം കഴിയുന്നത്ര ചുരുക്കി ചിലവുകുറച്ചായിരിക്കും കലോത്സവം നടത്തുക.ഉൽഘാടന,സമാപന സമ്മേളനങ്ങൾ,പന്തൽ,ഘോഷയാത്ര എന്നിവ ഉണ്ടാകില്ല.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ മാത്രമേ നൽകുകയുള്ളൂ.വിഭവസമൃദ്ധമായ സദ്യയും ഒഴിവാക്കും.കുടുംബശ്രീക്കായിരിക്കും ഭക്ഷണത്തിന്റെ ചുമതല.കായികമേള ഒക്ടോബർ അവസാനവാരം തിരുവനന്തപുരത്തും ശാസ്ത്രമേള നവംബറിൽ കണ്ണൂരിലും സ്പെഷ്യൽ സ്കൂൾ കലോത്സവം ഒക്ടോബറിൽ കൊല്ലത്തും നടത്തും.ഇന്ന് ചേരുന്ന ഗുണനിലവാര സമിതിയോഗത്തിൽ കലോത്സവത്തിന്റെ തീയതി,സമയക്രമം എന്നിവ സംബന്ധിച്ച തീരുമാനമുണ്ടാകും.

Previous ArticleNext Article