തൃശൂർ:അൻപത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തൃശ്ശൂരിൽ കൊടിയേറി. തേക്കിൻകാട് മൈതാനത്തെ പ്രധാന വേദിക്ക് സമീപം വിദ്യാഭ്യാസ ഡയറക്റ്റർ കെ.വി മോഹൻ കുമാറാണ് കൊടിയുയർത്തിയത്.പിന്നാലെ തൊട്ടരികിലുള്ള മോഡൽ ഗേൾസ് ഹൈസ്കൂളിലെ കൗണ്ടറുകളിൽ രജിസ്ട്രേഷൻ ആരംഭിച്ചു.മത്സരങ്ങൾ നാളെ തുടങ്ങും.രാവിലെ പത്തുമണിയോടെ ഓരോ ജില്ലകളിൽ നിന്നുമുള്ള മത്സരാർഥികൾ കലോത്സവ നഗരിയിലെത്തും.കഴിഞ്ഞ തവണത്തെ ജേതാക്കളായ കോഴിക്കോട് ടീമാണ് ആദ്യം എത്തുക.തുടർന്ന് പാചകപ്പുരയിൽ പാലുകാച്ചൽ ചടങ്ങ് നടക്കും.തുടർന്ന് കലവറ നിറയ്ക്കലും നടക്കും.തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ തയ്യാറാക്കിയ പച്ചക്കറികളാണ് പാചകത്തിന് ഉപയോഗിക്കുക.ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം അരങ്ങേറുക. 2008 നുശേഷം ആദ്യമായി പരിഷ്കരിച്ച പുതിയ ചട്ടങ്ങളനുസരിച്ച് മത്സര ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവുമില്ല. 80 ശതമാനം മാർക്കു നേടുന്നവർക്ക് എ ഗ്രേഡ് നൽകും. ഇവർക്കെല്ലാം ട്രോഫികൾ സമ്മാനിക്കും. നേരത്തെ 70 ശതമാനം ലഭിക്കുന്നവർക്കായിരുന്നു എ ഗ്രേഡ്.അഞ്ചു ദിവസങ്ങളിലായി 24 വേദികളിലാണ് കലോത്സവം അരങ്ങേറുക.നാളെ രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഔദ്യോഗിക ഉൽഘാടനം നിർവഹിക്കും.മന്ത്രി സി.രവീന്ദ്രനാഥ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.