തിരുവനന്തപുരം:ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തുന്ന പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം 5000 ആയി വര്‍ദ്ധിപ്പിക്കണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വസ്‌തുതാപരമായ കണക്കുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഉത്തരവിട്ടതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.തിങ്കള്‍ മുതല്‍ വെളളി വരെയുളള ദിവസങ്ങളില്‍ രണ്ടായിരം പേരെയും, ശനി ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേരെയും ശബരിമലയില്‍ പ്രവേശിപ്പിക്കാം എന്നാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുളള ഉന്നത തല സമിതിയുടെ തീരുമാനം. ഈ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ശബരിമലയില്‍ പ്രതിദിനം 5000 പേര്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് കേരള ഹൈക്കോടതിയില്‍ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് ഫ്രണ്ട് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്.ഇതിനു പിന്നാലെ അയ്യായിരം പേര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനുളള രജിസ്ട്രേഷന്‍ കേരള പൊലീസ് ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ഹര്‍ജി അടിയന്തരമായി പരിഗണിപ്പിക്കാനുളള ശ്രമം സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്.ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ആരോഗ്യ, റവന്യു, ദേവസ്വം വകുപ്പുകളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമലയില്‍ ഇതിനോടകം തന്നെ പൊലീസുകാരുള്‍പ്പടെ 250ല്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പലരും ദേവസ്വം ബോര്‍ഡ് ജീവനക്കാരും തീര്‍ത്ഥാടകരുമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.