Kerala, News

നടിയെ ആക്രമിച്ച കേസ്;വിചാരണ കോടതിയുടെ നടപടിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍

keralanews state govt with serious allegations against trial court in actress attack case

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയുടെ നടപടിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിന്റെ വിമര്‍ശനം. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ കോടതിക്ക് വീഴ്ച പറ്റി.മൊഴി നൽകാതിരിക്കാൻ മഞ്ജുവിനെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചു. മകള്‍ വഴി സ്വാധീനിക്കാനാണ് ശ്രമിച്ചത്. ഇക്കാര്യം മഞ്ജു വാര്യർ വിസ്താരവേളയിൽ അറിയിച്ചെങ്കിലും രേഖപ്പെടുത്താൻ കോടതി തയ്യാറായില്ലെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്ച ഉണ്ടായെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യവും രേഖപ്പെടുത്താന്‍ കോടതി തയാറായില്ല. കേട്ടറിവ് മാത്രമെന്നായിരുന്നു വിചാരണക്കാടതിയുടെ ന്യായമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുകയാണ്. അൻപതോളം പേജുള്ള സത്യവാങ്മൂലത്തിന്റെ പതിനഞ്ചാം പേജിലാണ് സര്‍ക്കാര്‍ വിചാരണ കോടതിക്കെതിരെ വിമര്‍ശനം നടത്തുന്നത്. ഈ കേസ് കോടതി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് നീട്ടി. അതുവരെ വിചാരണയും തടഞ്ഞു.വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാറും കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തന്നെ ദിലീപിന്റെ അഭിഭാഷകന്‍ അധിക്ഷേപിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കോടതി ഇടപെട്ടില്ല, പല പ്രധാന വസ്തുതകളും കോടതി രേഖപ്പെടുത്തിയിരുന്നില്ല, നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത്, അഭിഭാഷകരെ കോടതി നിയന്ത്രിച്ചില്ല, ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് കോടതി അധിക്ഷേപിച്ചെന്ന് കേസിലെ ഏഴാം സാക്ഷിയായ നടി തന്നോട് പറഞ്ഞു തുടങ്ങിയ കാര്യങ്ങളാണ് നടി ഹൈക്കോടതിയെ അറിയിച്ചത്.

Previous ArticleNext Article