Kerala, News

കൊറോണ വാക്‌സിനേഷൻ മാർഗരേഖ പുതുക്കി സംസ്ഥാന സർക്കാർ;രണ്ടാം ഡോസുകാർക്ക് മുൻഗണന; പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ

keralanews state govt modified corona vaccination guidelines preference for second dose special queue for the elderly and the disabled

തിരുവനന്തപുരം:കൊറോണ വാക്‌സിനേഷൻ മാർഗരേഖ പുതുക്കി സംസ്ഥാന സർക്കാർ.ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ രണ്ടാം ഡോസിന് സമയമായവര്‍ക്കാണ് പുതുക്കിയ മാര്‍ഗരേഖയില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഒപ്പം പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ സംവിധാനം വാക്‌സിനേഷൻ കേന്ദ്രത്തിലേർപ്പെടുത്താനും നിർദ്ദേശമായി.ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും കളക്ടര്‍മാര്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.ആദ്യ ഡോസ് സ്വീകരിച്ച്‌ 6 മുതല്‍ 8 ആഴ്ചവരെ ആയവര്‍ക്കും നാല് മുതല്‍ ആറ് ആഴ്ചവരെ ആയവര്‍ക്കുമാണ് മുന്‍ഗണന. സ്പോട് അലോട്മെന്റ് വഴിയാണ് വാക്സിന്‍ നല്‍കുക.ഇതിനൊപ്പം വാക്സിനേഷന്‍ എത്തുന്നവരിലെ ഏറ്റവും പ്രായമേറിയവരേയും ഭിന്നശേഷിക്കാരേയും വിശ്രമസ്ഥലത്തുവെച്ച്‌ തന്നെ പ്രത്യേക ക്യൂവിലേക്ക് മാറ്റി മുന്‍ഗണന നല്‍കും. വളണ്ടിയര്‍മാര്‍ അത് ക്രമീകരിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.അതേസമയം സംസ്ഥാനത്ത് കോവിന്‍ ആപ്പ് വഴി വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നുവരുന്നുണ്ട്.ഒരു ദിവസം വളരെ ചുരങ്ങിയ സമയം മാത്രമാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. 18 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ കൂടി തുടങ്ങിയതോടെ ആപ്പ് തീരെ കിട്ടുന്നില്ലെന്നാണ് പരാതി.ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാനും സാധിക്കുന്നില്ല. രണ്ടാം ഡോസ് വാക്‌സിന്‍ സമയം വൈകുന്നതിനാല്‍ ഇവരുടെ ആശങ്കയും വര്‍ദ്ധിക്കുകയാണ്.

Previous ArticleNext Article