Kerala, News

പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ച് പൂട്ടാൻ ഉത്തരവിറക്കി സംസ്ഥാന സർക്കാർ;കേരളത്തിൽ 17 ഓഫീസുകൾ

keralanews state government issued order to close popular front offices 17 offices in kerala

തിരുവനന്തപുരം:നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ച് പൂട്ടാൻ ഉത്തരവിറക്കി സംസ്ഥാന സർക്കാർ.കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ നടപടി.നിരോധനം നടപ്പാക്കാൻ ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് മേധാവികൾക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്.നടപടികൾ വിശദീകരിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കും. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.കോഴിക്കോട് മീഞ്ചന്തയിലെയിലെ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉൾപ്പെടെ 17 ഓഫിസുകളാണ് ആദ്യഘട്ടത്തിൽ പൂട്ടുന്നത്. തൊടുപുഴ,തൃശൂര്‍, കാസര്‍കോട്,കരുനാഗപ്പള്ളി, മലപ്പുറം,മാനന്തവാടി, തിരുവനന്തപുരം മണക്കാട്,പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്,ആലപ്പുഴ മണ്ണഞ്ചേരി എന്നിവിടങ്ങളിലെ ഓഫീസുകളാണ് പൂട്ടുന്നത്.ഇതിന്റെ ഭാഗമായി നേതാക്കളുടെയും സംഘടനയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. ഉത്തരവ് പുറത്തിറങ്ങാത്തതിനാൽ പോപ്പുലർ ഫ്രണ്ടിന്റെ ഓഫിസുകൾ സീൽ ചെയ്യുന്നതടക്കമുളള തുടർ നടപടികൾ ആരംഭിക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. അതേസമയം, ഇന്നലെ എൻഐഎ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ അവശ്യപ്പെടും. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് അബ്ദുള്‍ സത്താർ.അതേസമയം പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ കേരളത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലീസിനെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. ഇതിന് പുറമെ ഹർത്താൽ ദിനത്തിൽ ഏറെ ആക്രമണ സംഭവങ്ങളുണ്ടായ ആലുവയിൽ കേന്ദ്രസേനയെത്തി.യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Previous ArticleNext Article