തിരുവനന്തപുരം:ഇന്ന് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിൽ ഐടി മേഖലയ്‌ക്ക് കൂടുതൽ ശ്രദ്ധ നൽകാൻ തീരുമാനം.കണ്ണൂരിൽ ഐടി പാർക്ക് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു.ഇതിന് പുറമേ സംസ്ഥാനത്ത് നാല് ഐടി ഇടനാഴികൾ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.മഹാമാരിക്കാലത്ത് വലിയ അഭിവൃദ്ധിയുണ്ടായ മേഖലയാണ് ഐടി. ഇവിടെ തൊഴിലവസരങ്ങളുടെ അത്ഭുതകരമായ വളർച്ചയാണ് ഉണ്ടായത്. ഇത് പരിഗണിച്ച് നിലവിൽ ആറ് വരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാത 66 ന് സമാന്തരമായി നാല് ഐടി ഇടനാഴികൾ സംസ്ഥാനത്ത് സർക്കാർ സ്ഥാപിക്കും. ഈ നാല് ഇടനാഴികളും സംസ്ഥാനങ്ങളിലെ പ്രധാന ഐടി കേന്ദ്രങ്ങളിൽ നിന്നും ഉത്ഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂർ വിമാനത്താവളം വികസിച്ചതോടെ ഐടി വ്യവസായത്തിൽ കൂടുതൽ സാദ്ധ്യതകൾ ഉണ്ടാകും. ഈ സാഹചര്യത്തിൽ കണ്ണൂരിൽ പുതിയ ഐടി പാർക്ക് നിർമ്മിക്കും. ഇടനാഴി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൊല്ലത്ത് അഞ്ച് ലക്ഷം ചതുരശ്ര അടിയിൽ ഐടി സൗകര്യം ഒരുക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഐടി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതി വർദ്ധിപ്പിക്കും. ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ വികസിപ്പിക്കും. ഇതിനായി കിഫ്ബി വഴി 100 കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.