Kerala, News

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു

keralanews started judicial probe in madhus murder

പാലക്കാട്:അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതി നിർദേശപ്രകാരമുള്ള ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. മണ്ണാർക്കാട് ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം.രമേശാണ് അട്ടപ്പാടിയിലെത്തി അന്വേഷണം ആരംഭിച്ചത്.നാട്ടുകാർ മധുവിനെ പിടികൂടിയ മുക്കാലി വനമേഖലയും കൊണ്ടുനടന്ന് മർദിച്ച മറ്റു സ്ഥലങ്ങളുമെല്ലാം മജിസ്‌ട്രേറ്റ് സന്ദർശിച്ച് തെളിവെടുപ്പ് നടത്തും. മധുവിന്റെ അമ്മ മല്ലി,സഹോദരിമാർ എന്നിവരിൽ നിന്നും മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം പോലീസ് പ്രതികളെ അട്ടപ്പാടിയിലെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു.മധുവിന്റെ മരണം ആൾക്കൂട്ട മർദ്ദനമേറ്റാണെന്നാണ് പോലീസ് വാദം. ആൾകൂട്ടം മധുവിനെ തല്ലിച്ചതച്ച് പൊലീസിന് കൈമാറുകയായിരുന്നു.പോലീസ് സ്റ്റേഷനിലേക്ക് ജീപ്പിൽ കൊണ്ടുപോകും വഴിയാണ് മധുവിന്റെ  മരണം സംഭവിച്ചത്. ഇക്കാര്യത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.ഇതേകുറിച്ചും ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം നടത്തും.ക്രൂരമർദ്ദനമേറ്റാണ് മധു കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.മധുവിന്റെ ശരീരത്തിൽ അൻപതോളം മുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ.മർദനത്തിനിടയിൽ തലയ്‌ക്കേറ്റ അടിയും മുറിവിലൂടെയുള്ള രക്തസ്രാവവുമാണ് മധുവിന്റെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തൽ.

Previous ArticleNext Article