തളിപ്പറമ്പ്:വനമേഖലകളിൽ അപൂർവമായി കാണപ്പെടുന്ന അത്യപൂർവ ജീവിവിഭാഗത്തിൽപ്പെട്ട നക്ഷത്ര ആമകളെ തളിപ്പറമ്പ് നഗരത്തിനു സമീപം കണ്ടെത്തി. കപ്പാലം തങ്ങൾ പള്ളിയുടെ മുറ്റത്തുള്ള ഉപയോഗശൂന്യമായ കിണറ്റിൽനിന്നാണ് ഇന്നലെ വൈകിട്ട് രണ്ടു നക്ഷത്ര ആമയുടെ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.ആഫ്രിക്കൻ പായൽ നിറഞ്ഞുകിടക്കുന്ന കിണറ്റിൽ ഇവ നീന്തുന്നതു കണ്ട് പള്ളിയിൽ എത്തിയവർ ഇതിനെ പുറത്തെടുക്കുകയായിരുന്നു. ലോകവിപണിയിൽ മോഹവില നൽകി പലരും സ്വന്തമാക്കുവാൻ ശ്രമിക്കുന്ന ഇവ എങ്ങനെയാണ് തളിപ്പറമ്പിൽ കിണറിലെ വെള്ളത്തിൽ എത്തിയതെന്ന് വ്യക്തമല്ല. വരണ്ട വനമേഖലകളിൽ മാത്രം കാണപ്പെടുന്ന ഇവ വെള്ളത്തിൽ ജീവിക്കുന്ന വിഭാഗമല്ലെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.അലങ്കാരത്തിനായി വളർത്താനും കൂടാതെ ഇവയുടെ മാംസത്തിന് ഔഷധഗുണമുണ്ടെന്ന അന്ധവിശ്വാസവുമാണ് നക്ഷത്ര ആമകൾക്ക് മോഹവില മതിക്കുന്നത്. വന്യജീവികളിൽ സംരക്ഷിത വിഭാഗത്തിൽ ചുവപ്പ് പട്ടികയിൽ വരുന്ന ഇവയെ കടത്തുന്നതും വളർത്തുന്നതും ക്രിമിനൽ കുറ്റമാണ്.ഇന്ത്യയിൽ കാണപ്പെടുന്ന നക്ഷത്ര ആമകൾ 20 മുതൽ 30 സെന്റീമീറ്റർ വരെ വലുപ്പത്തിൽ വളരുന്നവയാണ്.മുപ്പത് മുതൽ എൺപത് വർഷം വരെയാണ് ഇവയുടെ ആയുസ്സ്. നക്ഷത്ര ആമയെ കണ്ടെത്തിയ വിവരമറിഞ്ഞ് നഗരസഭാ കൗൺസിലർ പി.സി.നസീർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് റേഞ്ച് വനംവകുപ്പ് അധികൃതർ എത്തി ആമകളെ ഏറ്റുവാങ്ങി.