തിരുവനന്തപുരം:വ്യാജ വോട്ട് ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇത് സംബന്ധിച്ചുള്ള എല്ലാ രേഖകളും അടുത്ത ദിവസം പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. 38,000 ഇരട്ട വോട്ടുകളെ ഉള്ളൂ എന്ന തെരഞ്ഞെടുപ്പ് കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്.ഇത് സംബന്ധിച്ച് താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ നാളെ പുറത്തു വിടുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ കേസ് ഹൈക്കോടതിയില്‍ ആയതിനാല്‍ താന്‍ കൂടുതല്‍ ഒന്നും പറയുന്നുല്ലെന്നും വലിയ ക്രമക്കേടാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.വെബ്സൈറ്റിലും ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തും. എല്‍ഡിഎഫ് പഞ്ചായത്തുകളില്‍ ജയിച്ചത് കള്ള വോട്ടിലാണെന്നും, ഈ വിജയം ആവര്‍ത്തിക്കാനാണ് ഇടതു മുന്നണിയുടെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.വോട്ടര്‍ പട്ടികയില്‍ മണ്ഡലങ്ങളും ബൂത്തുകളും മാറിക്കിടക്കുന്നുണ്ട്. ഇരട്ട വോട്ടുകളില്‍ ഉള്ളതും കണ്ടെത്താന്‍ സാധിച്ചതും തമ്മില്‍ വ്യത്യാസമുണ്ടെന്നും ചെന്നിത്തല. ഇതില്‍ ഗൗരവമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാനത്തെ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് സംസ്ഥാനത്ത് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.ഇരട്ടവോട്ട് തടയാന്‍ സംസ്ഥാനത്ത് കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ ഗുരുതര പിഴവുകള്‍ ഉണ്ടെന്ന് വ്യക്തമായെന്നും കോടതി അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ ഉത്തരവ് നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ അറിയിച്ചു.