കണ്ണൂർ:നഗരത്തിൽ കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി.ഒൻപതു ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.ഇതിൽ ആറു ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്.താളിക്കാവിലെ ശ്രീ വൈഷ്ണവ്,എസ്.എൻ പാർക്ക് റോഡിലെ കിസ്മത്ത്,സ്നാക്സ് കോർണർ,ഗൗരിശങ്കർ,റെയിൽവേ സ്റ്റേഷൻ പരിസരത്തെ എം ആർ എ റെസ്റ്റോറന്റ്,മുനീശ്വരൻ കോവിൽ റോഡിലെ കൈപ്പുണ്യം എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഫ്രീസറിൽ സൂക്ഷിച്ച വേവിച്ച പഴകിയ ഇറച്ചി,കറുത്ത നിറത്തിലുള്ള പാചക എണ്ണ,ദിവസങ്ങളോളം പഴക്കമുള്ള പാൽ,പഴകിയ ബിരിയാണി,പാകം ചെയ്ത കൂന്തൽ,ചപ്പാത്തി,അയക്കൂറ ഉൾപ്പെടെയുള്ള പഴകിയ മീനുകൾ,കോഴി പൊരിച്ചത്, എന്നിവയൊക്കെയാണ് പിടികൂടിയത്.ചില ഹോട്ടലുകളിൽ മലിനജലം പൊതു ഓടകളിലേക്ക് ഒഴുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസുകൾ നൽകിയിട്ടുണ്ട്.ഇവർ മൂന്നു ദിവസത്തിനുള്ളിൽ ഇതിനു മറുപടി നൽകണം.പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.