ആലുവ:ആലുവയിൽ പതഞ്‌ജലി ഗോഡൗണിൽ നടത്തിയ റെയ്‌ഡിൽ പഴകിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടികൂടി.പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ മൊത്ത വിതരണ കേന്ദ്രത്തിൽ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടികൂടിയത്.പതഞ്‌ജലി ആംല ജ്യൂസിന്റെ നൂറിലധികം ഒഴിഞ്ഞ കുപ്പികൾ ഗോഡൗണിനു സമീപം കണ്ട നാട്ടുകാരാണ് ഫുഡ് സേഫ്റ്റി വിഭാഗത്തിൽ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഓട്ട്സ്,ബിസ്‌ക്കറ്റുകൾ,തേൻ,നെയ്യ് തുടങ്ങിയ ഉൽപ്പന്നങ്ങൾ കണ്ടെടുത്തു.വിതരണത്തിനായി വെച്ചിരുന്ന ഭക്ഷ്യ ഉല്പന്നങ്ങളോടൊപ്പമാണ് കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും സൂക്ഷിച്ചിരുന്നത്.സംസ്ഥാനത്തെ വൻകിട സൂപ്പർമാർക്കറ്റുകളിലെല്ലാം പതഞ്‌ജലി ഉൽപ്പനങ്ങൾ വിതരണത്തിനെത്തിക്കുന്നത് ഈ ഗോഡൗണിൽ നിന്നുമാണ്.അൻപതുലക്ഷത്തോളം രൂപയുടെ ഉൽപ്പനങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഗോഡൗണിന് ലൈസൻസില്ലെന്നും ഹെൽത്ത് അധികൃതർ പറഞ്ഞു. ഗോഡൗണിൽ പരിശാധന നടക്കുന്ന സമയം കാലാവധി കഴിഞ്ഞ ഉൽപ്പനങ്ങൾ വാങ്ങാനെത്തിയ തമിഴ്നാട് സ്വദേശിയെ നാട്ടുകാർ തടഞ്ഞുവെച്ചു.എന്നാൽ കാലിത്തീറ്റ ഉണ്ടാക്കുവാനാണ് ഈ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതെന്നാണ് ഇയാൾ നൽകിയ വിശദീകരണം. ഒഴിഞ്ഞ കുപ്പികളിലെ ജ്യൂസുകൾ റീപായ്ക്ക് ചെയ്തതാണെന്ന് സംശയമുണ്ട്.പരിശോധന നടത്തി ഗോഡൗൺ സീൽ ചെയ്തു.അതേസമയം ഡൽഹിയിലേക്ക് തിരിച്ചയക്കുന്നതിനായാണ് കാലാവധി കഴിഞ്ഞ സാധനങ്ങൾ സൂക്ഷിച്ചതെന്നാണ് ഗോഡൗണിലെ ജീവനക്കാരുടെ മൊഴി.ഇത് കണക്കിലെടുക്കാത്ത ഉദ്യോഗസ്ഥർ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.