Kerala, News

എസ്എസ്എൽസി ഫലം;കണ്ണൂർ ജില്ലയ്ക്ക് മൂന്നാം സ്ഥാനം

keralanews sslc result third place for kannur district

കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ കണ്ണൂർ ജില്ലയ്ക്ക് മികച്ച നേട്ടം.ജില്ലയില്‍ പരീക്ഷയെഴുതിയ 99.04 ശതമാനം പേരും ഉന്നതപഠനത്തിന് അര്‍ഹരായി. സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനമാണ് കണ്ണൂരിന്.  കഴിഞ്ഞ തവണ 97.08 ശതമാനവുമായി അഞ്ചാം സ്ഥാനത്തായിരുന്നു ജില്ല.ഒന്നാം സ്ഥാനം നേടിയ എറണാകുളം ജില്ലയിൽ 33,074 കുട്ടികളും രണ്ടാം സ്ഥാനക്കാരായ പത്തനംതിട്ടയിൽ 11,294 കുട്ടികളും പരീക്ഷയ്ക്കിരുന്നപ്പോൾ 34,227 പേരെ പരീക്ഷയ്ക്കിരുത്തിയാണ് കണ്ണൂർ ജില്ല ഈ നേട്ടം കരസ്ഥമാക്കിയത്.102 സ്കൂളുകൾ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ച് 100 ശതമാനം വിജയം നേടി. ഇതില്‍ 46 എണ്ണവും സർക്കാർ സ്കൂളുകളാണ്. 29 എണ്ണം എയ്ഡഡും 27 അൺ എയ്ഡഡ് സ്കൂളുകളുമാണ്.ജില്ലയിലെ 3320 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എപ്ലസ് നേടാനുമായി. കഴിഞ്ഞ വർഷം ഇത് 1997 ആയിരുന്നു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്‍റെ ഭാഗമായി ജില്ലയില പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക കർമപദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിരുന്നു. ഇതിനോടൊപ്പം വിദ്യാഭ്യാസ വകുപ്പും അധ്യാപകരും പിടിഎകളും നടത്തിയ കൂട്ടായ പരിശ്രമങ്ങളാണ് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി സുമേഷ് പറഞ്ഞു.നൂറു ശതമാനം വിജയം എന്ന ലക്‌ഷ്യം നേടാനായില്ലെങ്കിലും മുകുളം പദ്ധതിവഴി മികച്ച വിജയം നേടാൻ ജില്ലയ്ക്കായി.അടുത്ത വർഷം 100 ശതമാനം വിജയം കൈവരിക്കുന്നതിനായി സ്കൂളുകളിൽനിന്നും അധ്യാപകരിൽനിന്നും രക്ഷിതാക്കളിൽനിന്നുമുള്ള പിന്തുണ തുടർന്നും ഉണ്ടാകണമെന്നും കെ.വി. സുമേഷ് അഭ്യർഥിച്ചു.

Previous ArticleNext Article