തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച സംഭവത്തില്‍ ശ്രീറാമിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. ജനറല്‍ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്കുശേഷം ശ്രീറാം ചികിത്സ തേടിയ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ഡോക്ടര്‍മാരുടെ മൊഴിയാണ് ഇതിന്റെ ഭാഗമായി ശേഖരിക്കുക. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടറും ശ്രീറാമിന്റെ സുഹൃത്തും കൂടിയായ അനീഷ് രാജിനെ അന്വേഷണസംഘം തലവന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ നേരത്തേ ചോദ്യംചെയ്തിരുന്നു. അപകടത്തിന് ശേഷം ശ്രീറാം ജനറല്‍ ആശുപത്രിയില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോള്‍ അനീഷ് രാജ് ശ്രീറാമിന്റെ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ശ്രീറാം മദ്യപിച്ചിരുന്നില്ലെന്നാണ് അനീഷ് രാജ് അന്വേഷണ സംഘത്തോട് പറഞ്ഞത്. വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹം പൊലീസിനോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് രാത്രിയാണ് മ്യൂസിയം റോഡില്‍ വെച്ച് ഉണ്ടായ അപകടത്തില്‍ കെ.എം. ബഷീര്‍ മരിക്കുന്നത്. അതിനുശേഷം ശ്രീറാമിനെ പൊലീസ് ജനറല്‍ ആശുപത്രിയിലാണ് എത്തിച്ചത്. പ്രാഥമിക ചികിത്സകള്‍ക്കുശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാനാണ് പറഞ്ഞത്. എന്നാല്‍, ശ്രീറാം സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. പിന്നീട് അറസ്റ്റിലാവുകയും അവിടെത്തന്നെ റിമാന്‍ഡില്‍ കഴിയുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ശ്രീറാമിന് നല്‍കിയ ചികിത്സ സംബന്ധിച്ച് ഡോക്ടര്‍മാരില്‍നിന്ന് വിവരം ശേഖരിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ചികിത്സാ രേഖകളും പരിശോധിക്കും.