തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ കള്ളക്കളികള്‍ പൊളിയുന്നു. അപകടസമയം പരിസരത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന പോലീസിന്റെ വാദം തെറ്റാണെന്നു തെളിഞ്ഞു. അപകടസമയം മ്യൂസിയം,രാജ്ഭവന്‍ പരിസരത്തെ ഏഴ് ക്യാമറകളും പ്രവര്‍ത്തിച്ചിരുന്നെന്നും വെള്ളയമ്പലത്തെ ക്യാമറ മാത്രമാണ് പ്രവര്‍ത്തിക്കാതിരുന്നതെന്നും വിവരാകാശരേഖയിലൂടെ വ്യക്തമായി.പോലീസ് തന്നെ നല്‍കിയ വിവരാവകാശ രേഖയിലുള്ള മറുപടിയിലാണ് സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നെന്ന് വ്യക്തമാവുന്നത്. മ്യൂസിയം ഭാഗത്ത് നാല് ക്യാമറകളും രാജ് ഭവന്‍ ഭാഗത്ത് രണ്ട് ക്യാമറകളും പ്രവര്‍ത്തിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഫിക്സഡ് ക്യാമറകളും ഉണ്ടായിരുന്നു. തലസ്ഥാന നഗരിയില്‍ 235 ക്യാമറകള്‍ ഉണ്ടെന്നും അതില്‍ 144 ക്യാമറകളാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി.ഇതില്‍ ഉള്‍പ്പെടുന്നതാണ് മ്യൂസിയത്തെയും രാജ്ഭവന് സമീപത്തെയും ഈ ക്യാമറകള്‍. അതുകൊണ്ട് തന്നെ അപകടത്തെ കുറിച്ചുള്ള നിര്‍ണായക തെളിവുകള്‍ ആ ക്യാമറയിലുണ്ടായിരുന്നെന്നാണ് വിവരം. അത് കൃത്യമായി ശേഖരിച്ചില്ല എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.