
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസാണ് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. കൊലപാതക കേസില്‍ ഉള്‍പ്പെട്ട് കേരളത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് അറസ്റ്റിലാകുന്നത് ആദ്യത്തെ സംഭവമാണെന്നാണ് വിവരം. നിലവില്‍ സര്‍വെ ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്.
കേസില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പോലീസ് ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം മെഡിക്കല്‍ കൊളേജിലെ സെല്ലില്‍ നിന്ന് ശ്രീറാമിനെ ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയെന്നാണ് വിവരം.ശ്രീറാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായതിനാല്‍ അടുത്ത 72 മണിക്കൂര്‍ ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ വെക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു.