കൊളംബോ:ഈസ്റ്റർ ദിനത്തിൽ രാജ്യത്ത് നടന്ന ഭീകരാക്രമണത്തിന് പിന്നാലെ നടപടികള്‍ കടുപ്പിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍. 200മുസ്ലിം പണ്ഡിതരെയടക്കം 600 വിദേശികളെ ശ്രീലങ്കൻ സർക്കാർ നാടുകടത്തി.ആക്രമണത്തിനു പിന്നില്‍ രാജ്യത്തെ തന്നെ സംഘടനകളാണെന്ന് കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി.അതേസമയം, നിയമപരമായി എത്തിയവരാണെങ്കിലും വിസാകാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്നതായി സുരക്ഷാപരിശോധനയില്‍ കണ്ടതിനാലാണ് നടപടിയെന്ന് ശ്രീലങ്കന്‍ ആഭ്യന്തരമന്ത്രി വജിര അബേവര്‍ധനെ പറഞ്ഞു.ഏതൊക്കെ രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് പുറത്താക്കിയതെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല.വിസാകാലാവധി കഴിഞ്ഞിട്ടും ശ്രീലങ്കയില്‍ തുടര്‍ന്നുവെന്ന് കണ്ടെത്തിയവരില്‍ക്കൂടുതലും ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണെന്ന് ശ്രീലങ്കന്‍ പൊലീസ് പറഞ്ഞു. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 257 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനപരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിലേര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഇപ്പോഴും തുടരുകയാണ്.