
മുംബൈ:അന്തരിച്ച നടി ശ്രീദേവിയുടെ സംസ്ക്കാരം ഇന്ന് നടക്കും.ഇന്നലെ രാത്രിയോടെ മൃതദേഹം മുംബയിലെ സ്വവസതിയിൽ എത്തിച്ചു.കുടുംബ സുഹൃത്തായ അനിൽ അംബാനിയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്.തങ്ങളുടെ പ്രിയനടിയെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് മുംബൈയിൽ എത്തിച്ചേർന്നിരിക്കുന്നത്.ഇന്ന് രാവിലെ 9.30 മുതൽ 12.30 വരെ അന്ധേരിയിലെ ശ്രീദേവിയുടെ വസതിയായ ലോഖണ്ഡവാല കോംപ്ലക്‌സിന് സമീപമുള്ള സെലിബ്രേഷന്‍സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.ഉച്ചയ്ക്ക് രണ്ടുമണിയോടെ വിലാപയാത്രയായി മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോകും.ഉച്ചകഴിഞ്ഞ് 3.30നാണ് ചടങ്ങുകൾ. മുംബൈയിലെ പവന്‍ ഹാന്‍സിലെ വിലെ പാര്‍ലെ സേവ സമാജത്തിലെ ഹിന്ദു സെമിത്തേരിയിലാണ് ചടങ്ങുകൾ നടക്കുക.അതേസമയം ശ്രീദേവിയുടെ മരണം സംബന്ധിച്ചുള്ള എല്ലാ അന്വേഷണവും അവസാനിപ്പിക്കുന്നതായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്നുമുള്ള ഫോറൻസിക് റിപ്പോർട് പ്രോസിക്യൂഷൻ ശരിവെച്ചു.വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് കേസ് അവസാനിപ്പിക്കുന്നതെന്നും ദുബായ് പോലീസ് വ്യക്തമാക്കി.