തിരുവനന്തപുരം: ലോട്ടറിയിലൂടെ സ്പോർട്സ് കൗൺസിലിന് വൻ ബാധ്യത ഉണ്ടായിട്ടുണ്ടെന്നുള്ള വിജിലെൻസിന്റെ ആരോപണം ശരിയല്ലെന്ന് കൌൺസിൽ പ്രസിഡന്റ് ടി പി ദാസൻ. ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ഒന്നാം പ്രതിയായതിനോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ് “ലോട്ടറി വിറ്റതിലൂടെ കിട്ടിയ എല്ലാ പൈസയും സര്‍ക്കാറില്‍ അടച്ചിട്ടുണ്ട്. ഇതിനുള്ള എല്ലാ കണക്കുകളും കൗണ്‍സിലിന്റെ പക്കലുണ്ട്” .
അഴിമതി നടന്നതായി പറയപ്പെടുന്ന തന്റെ അധികാരകാലം കഴിഞ്ഞ് ഇപ്പോള്‍ വീണ്ടും സ്ഥാനത്ത് തിരിച്ചെത്തിയപ്പോഴും കണക്കുകളില്‍ എന്തെങ്കിലും വ്യത്യാസമുള്ളതായി കണ്ടിട്ടില്ല. അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കില്‍ അന്നുതന്നെ പരിശോധിക്കാമായിരുന്നു .അദ്ദേഹം പറഞ്ഞു.
ലോട്ടറി വകുപ്പിലുള്‍പ്പെടെ ഇതിന്റെ മൊത്തം കണക്കുണ്ട്. ഇനി ഏതിനാണ് കണക്കില്ലാത്തതെന്ന് വിജിലന്‍സ് വ്യക്തമാക്കണം. ലോട്ടറിയില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വെറും നടത്തിപ്പ് ഏജന്‍സി മാത്രമാണ്.
ജില്ലാ കൗണ്‍സിലുകളും സ്പോര്‍ട്സ് അസോസിയേഷനുകളും വഴി വിദേശത്തേക്കുള്‍പ്പെടെ ലോട്ടറി വിറ്റഴിക്കുകയായിരുന്നു.ആ വകയില്‍ , ചില ജില്ലാ കൗണ്‍സിലുകള്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചില അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പണം ഇങ്ങോട്ടാണ് കിട്ടാനുള്ളത്. അത് തിരിച്ച പിടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അദ്ദേഹം പറഞ്ഞു.
സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്, ബോബി അലോഷ്യസ്, ജിമ്മി ജോര്‍ജിന്റെ സഹോദരന് സെബാസ്റ്റിയന് ജോര്‍ജ് എന്നിവര്‍ നല്കിയ പരാതിയിന്മേലാണ് ലോട്ടറി നടത്തിപ്പിൽ അഴിമതി ഉണ്ടോ എന്ന് വിജിലൻസ് അന്വേഷണം നടത്തിയത്. കായികമേഖലയുടെ വികസനം ലക്ഷ്യമിട്ട് 2006 നവംബറില്‍ ആരംഭിച്ച ലോട്ടറിയിലൂടെ നേട്ടത്തിനു പകരം ബാദ്ധ്യതയാണുണ്ടായതെന്നായിരുന്നു കണ്ടെത്തല്‍. വ്യാഴാഴ്ച കോടതിയിൽ സമർപ്പിച്ച FIR ന്റെ അടിസ്ഥാനത്തിലാണ് ദാസനെതിരെയുള്ള കണ്ടെത്തൽ.