കണ്ണൂര്‍: കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ കുട്ടികള്‍ക്കായുള്ള നവീകരിച്ച സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കെട്ടിടം തിങ്കളാഴ്ച തുറന്നുകൊടുത്തു. ഹോസ്റ്റലിലെ അസൗകര്യത്തെത്തുടര്‍ന്ന് നിരവധി കുട്ടികളെ യാത്രിനിവാസിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവര്‍ക്കും എട്ടാംതരത്തില്‍ പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുമായാണ് ഹോസ്റ്റല്‍ തുറന്നുകൊടുത്തത്. 161 ഹോസ്റ്റല്‍ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഇവിടെയുള്ളത്.60 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്. എട്ട് കുളിമുറികളും എട്ട് കക്കൂസുകളും പുതുതായി നിര്‍മിച്ചു. പഴയബ്ലോക്കിലെ രണ്ട് കുളിമുറികള്‍ നവീകരിക്കുകയും ചെയ്തു. നിലം ഇന്റര്‍ലോക്ക് ചെയ്തിട്ടുണ്ട്.അറ്റകുറ്റപ്പണികള്‍ ഇനിയും ബാക്കിയുണ്ട്. കുട്ടികള്‍ക്ക് തുണിയലക്കിയിടാനായി കെട്ടിടത്തിന് പുറകില്‍ സൗകര്യമൊരുക്കും. ഡൈനിങ് ഹാളും സ്റ്റഡിറൂമും ഒന്നരമാസത്തിനകം പൂര്‍ത്തിയാക്കും. കെട്ടിടത്തിന് ഒരുനിലകൂടി നിര്‍മിക്കും. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറായി. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈമാസം അവസാനം നടത്താനാണ് ആലോചിക്കുന്നത്. ഇതിനകം ബാക്കിയുള്ള അറ്റകുറ്റപ്പണികൂടി പൂര്‍ത്തിയാക്കും.