ശ്രീനഗർ:ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു.കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനും തീരുമാനമായി. ലഡാക്ക്, ജമ്മു കാശ്മീര്‍ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കാനാണ് തീരുമാനം.കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്നതാണ് 370 ആം വകുപ്പ്.ജമ്മു കശ്മീരിനെ സംബന്ധിച്ച് മൂന്ന് ബില്ലുകള്‍ അവതരിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് രാജ്യസഭ അധ്യക്ഷന്‍വെങ്കയ്യ നായിഡു പ്രത്യേക അധികാരം ഉപയോഗിച്ച് അനുമതി നല്‍കുകയായിരുന്നു. നേരത്തെ ഒരു ബില്‍ മാത്രമാണ് രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.അതേസമയം, വിഷയത്തില്‍ രാജ്യസഭയില്‍ കടുത്ത പ്രതിപക്ഷ പ്രതിഷേധം അരങ്ങേറുകയാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു നിര്‍ണായ നീക്കം നടത്തിയത്.കാശ്മീരിന്റെ പ്രത്യേക പദവിക്കെതിരെ ബി.ജെ.പി നേരത്തെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പത്രികയിലും ബി.ജെ.പി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസളില്‍ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി കാശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ കേന്ദ്രം ശക്തമാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു.
ബില്ലിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്:-
* ഭരണഘടനയുടെ 35 എ, 370 അനുച്ഛേദങ്ങള്‍ എടുത്തുകളഞ്ഞു. ഇതോടെ ഇനി ജമ്മു-കശ്മീരിന് പ്രതേക പദവിയില്ല.
* ജമ്മു-കശ്മീര്‍ ഇനി കേന്ദ്രഭരണ പ്രദേശമായിരിക്കും. ജമ്മു-കശ്മീരില്‍ നിയമസഭ ഉണ്ടായിരിക്കും.
* ലഡാക്ക് ഇനി കശ്മീരിന്‍റെ ഭാഗമല്ല. ലഡാക്ക് മറ്റൊരു കേന്ദ്രഭരണ പ്രദേശമായിരിക്കും. പക്ഷെ ലഡാക്കില്‍ നിയമസഭ ഉണ്ടായിരിക്കില്ല.
ആർട്ടിക്കിൾ 35A:
1954ല്‍ രാഷ്ട്രപതിയുടെയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് 35ആം അനുച്ഛേദം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നത്. ജമ്മു കാശ്മീരിലെ പൗരന്മാര്‍ക്ക് പ്രത്യേക അധികാരവും അവകാശങ്ങളും നല്‍കുന്നതാണ് ഈ നിയമം. ഈ നിയമം അനുസരിച്ച് പുറത്തുനിന്നും ഒരാളെ വിവാഹം കഴിക്കുന്ന ജമ്മു കാശ്മീരിലെ ഒരു യുവതിക്ക് ജമ്മു കാശ്മീരിലുള്ള തന്റെ സ്വത്തുക്കളില്‍ അവകാശം ഉണ്ടായിരിക്കില്ല. ഇങ്ങനെ വിവാഹം കഴിക്കുന്ന സ്ത്രീയ്ക്ക് മാത്രമല്ല അവരുടെ അനന്തരാവകാശികള്‍ക്കും ഈ സ്വത്തുക്കളില്‍ അവകാശം ഉന്നയിക്കാനാകില്ല. മാത്രമല്ല പുറത്ത് നിന്നും കാശ്മീരിലേക്ക് എത്തുന്നവര്‍ക്ക് സ്ഥലം, വീട് പോലുള്ള സ്വത്തുക്കള്‍ സമ്ബാദിക്കാന്‍ ഈ നിയമം അനുവദിക്കുന്നില്ല. ഇവര്‍ക്ക് അനിശ്ചിതകാലത്തേക്ക് സംസ്ഥാനത്ത് താമസിക്കാനോ സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളികളാകാനോ സാധിക്കില്ല. സ്ഥിരതാമസക്കാരല്ലാത്തവരെ സര്‍ക്കാരില്‍ ജോലിക്കെടുക്കുന്നതിനും ഈ നിയമം അനുസരിച്ച് വിലക്കുണ്ട്.ഈ വ്യവസ്ഥ പ്രകാരമുള്ള നിയമസഭയുടെ ഒരു നടപടിയും കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല.1954ല്‍ നെഹ്രു മന്ത്രിസഭയുടെ ഉപദേശ പ്രകാരം രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.ജമ്മുകാശ്‌മീരിലെ പൗരന്മാരുടെ ക്ഷേമത്തിനായി ഭരണഘടനയില്‍ മാറ്റം വരുത്താന്‍ രാഷ്‌ട്രപതിക്ക് അധികാരം നല്‍കുന്ന 370 (1) (ഡി ) വകുപ്പ് പ്രകാരമായിരുന്നു ഉത്തരവ്.ഭരണഘടനയിലെ 368 (i) വകുപ്പ് പ്രകാരം പാര്‍ലമെന്റിന് മാത്രമാണ് ഭരണഘടന ഭേദഗതി ചെയ്യാന്‍ അധികാരം.
ആര്‍ട്ടിക്കിള്‍ 370:
ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് സ്വയംഭരണാധികാരം നല്‍കുന്ന നിയമമാണ് ആര്‍ട്ടിക്കിള്‍ 370. എന്നാല്‍ ഇത് ‘താല്‍ക്കാലിക’ നിയമമാണ്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ മേല്‍നോട്ടത്തിലാണ് ഈ നിയമം നിലവില്‍ വരുന്നത്. ഈ നിയമം അനുസരിച്ച് കാശ്മീരിന് ദേശീയ പതാകയ്ക്ക് പുറമെ പ്രത്യേക പതാകയും, പ്രത്യേക ഉപഭരണഘടനയുമുണ്ട്. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നീ വകുപ്പുകളില്‍ മാത്രമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് നടപ്പാക്കുന്ന തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്നത്.മറ്റു വകുപ്പുകളില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം കൂടി ആവശ്യമാണ്.പക്ഷെ ഈ പദവികള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിന്നു വിട്ടുപോകാനുള്ള അധികാരവും കാശ്മീരിനില്ല. പ്രത്യേക പദവികള്‍ ഉണ്ടെങ്കിലും 1952 ലെ ഡല്‍ഹി കരാര്‍ പ്രകാരം കാശ്മീരികളെല്ലാവരും ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലേതിന് സമാനമായ മതേതരത്വം നിയമവിധേയമായ സംസ്ഥാനമാണ് കാശ്മീര്‍.മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ എല്ലാ ഭരണഘടനാ വ്യവസ്ഥകളും ജമ്മുകാശ്‌മീരിന് ബാധകമല്ല. ജമ്മുകാശ്മീരിന് സ്വന്തം ഭരണഘടനയുണ്ട്.പ്രതിരോധം, വിദേശകാര്യം, ധനകാര്യം, കമ്മ്യൂണിക്കേഷന്‍സ് എന്നിവ ഒഴികെ എല്ലാ നിയമങ്ങളും ജമ്മുകാശ്മീരില്‍ ബാധകമാക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് സംസ്ഥാന ഗവണ്‍മെന്റിന്റെ അനുമതി വേണം.പൗരത്വം, സ്വത്ത് ഉടമസ്ഥാവകാശം, മൗലികാവകാശം തുടങ്ങിയവയിലെല്ലാം സംസ്ഥാനത്തിന് സ്വന്തം നിയമങ്ങളാണ്.ഭരണഘടനയിലെ 360 ആം വകുപ്പ് പ്രകാരമുള്ള സാമ്ബത്തിക അടിയന്തരാവസ്ഥ കാശ്‌മീരില്‍ ഏര്‍പ്പെടുത്താന്‍ 370 ആം വകുപ്പ് പ്രകാരം കേന്ദ്രത്തിന് അധികാരമില്ല.യുദ്ധമോ വിദേശാക്രമണമോ ഉണ്ടായാല്‍ മാത്രമേ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവൂ.ആഭ്യന്തര സംഘര്‍ഷമുണ്ടായാലും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവില്ല.