കാഞ്ഞങ്ങാട്: പാണത്തൂരിൽ ആംഗൻവാടി വിദ്യാർഥിനിയായ നാലുവയസുകാരി സന ഫാത്തിമയുടെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. വെള്ളരിക്കുണ്ട് സിഐ സുനിൽ കുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. അഞ്ചു ദിവസമായിട്ടും കുട്ടിയെ സംബന്ധിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.പാണത്തൂർ സ്വദേശികളായ ബാപ്പുങ്കയത്തെ ഇബ്രാഹിം-ഹസീന ദന്പതികളുടെ മകൾ സന ഫാത്തിമയെയാണു ഓഗസ്റ്റ് മൂന്നാം തീയതി വൈകുന്നേരം നാലോടെ കാണാതായത്. കുട്ടി വീടിന് മുന്നിലെ ഓവുചാലിൽ വീണ് ഒഴുക്കിൽപെട്ടതാണെന്ന സംശയത്തെതുടർന്നു നാലു ദിവസമായി അഗ്നിശമനസേനയും പോലീസും നാട്ടുകാരും തെരച്ചിൽ നടത്തിവരികയായിരുന്നു. കാണാതായ സമയത്തു ഓവുചാലിനു സമീപത്തുനിന്നു കുട്ടിയുടെ ഒരു ചെരിപ്പും കുടയും കണ്ടെത്തിയിരുന്നു.അതേസമയം, കുട്ടിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പോലീസ് അന്വേഷണം ബന്ധുക്കളിലേക്കും നാട്ടുകാരിലേക്കും വ്യാപിപ്പിച്ചു. ഇതിന്‍റെ ഭാഗമായി നാട്ടുകാരിൽ ചിലരെ രാജപുരം പോലീസ് ഞായറാഴ്ച ചോദ്യം ചെയ്തു. കുട്ടി ഒഴുക്കിൽപെട്ടതാകാനിടയില്ലെന്നും മറ്റു വഴികളാണു കുട്ടിയുടെ തിരോധാനത്തിനു പിന്നിലെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
Kerala
സന ഫാത്തിമയുടെ തിരോധാനത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി
Previous Articleഅമ്മയിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് പൃഥ്വിരാജ്