തിരുവനന്തപുരം:പ്രളയക്കെടുതി ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു.രാവിലെ ഒൻപതുമണി മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് സമ്മേളനം. മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയ്, മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി, മുന്‍ എം.എല്‍.എമാരായ ചെര്‍ക്കളം അബ്ദുള്ള, ടി.കെ.അറുമുഖം, പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ച ശേഷമാണ് സഭ ആരംഭിച്ചത്.ചട്ടം 130 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയക്കെടുതിയെക്കുറിച്ചുള്ള ഉപക്ഷേപം അവതരിപ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ നാല് മണിക്കൂര്‍ ചര്‍ച്ച നടക്കും. അതിന് ശേഷം സംസ്ഥാനം നേരിട്ട ഗുരുതര സ്ഥിതിവിശേഷങ്ങളും പുനര്‍ നിര്‍മാണത്തിനായി പൂര്‍ത്തീകരിക്കേണ്ട നടപടികളും സംബന്ധിച്ച് ചട്ടം 275 പ്രകാരമുള്ള പ്രമേയവും മുഖ്യമന്ത്രി തന്നെ അവതരിപ്പിക്കും.