India, News

കര്‍ണാടകയില്‍ പതിനാല് വിമത എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

keralanews speaker disqualifies 14 rebel mlas in karnataka

ബെംഗളൂരു:കര്‍ണാടകയില്‍ പതിനാല് വിമത എം.എല്‍.എമാരെ കൂടി സ്പീക്കര്‍ അയോഗ്യരാക്കി. 11 കോണ്‍ഗ്രസ് അംഗങ്ങളെയും മൂന്ന് ജെ.ഡി.എസ് അംഗങ്ങളെയുമാണ് ഇന്ന് അയോഗ്യരാക്കിയത്. ഇവര്‍ക്ക് ഈ നിയമസഭ കാലയളവില്‍ തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല.കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ, മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, പി.സി.സി പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവു എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.നേരത്തേ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ ആകെ എണ്ണം 17 ആയി. ഭൈരതി ബാസവരാജ്, മുനിരത്‌ന, എസ് ടി സോമശേഖര്‍, റോഷന്‍ ബേയ്ഗ്, ആനന്ദ് സിങ്, എം ടി ബി നാഗരാജ്, ബി സി പാട്ടീല്‍, പ്രതാപ് ഗൗഡ പാട്ടീല്‍, ഡോ. സുധാകര്‍, ശിവരാം ഹെബ്ബാര്‍, ശ്രീമന്ത് പാട്ടീല്‍(കോണ്‍ഗ്രസ്), കെ ഗോപാലയ്യ, നാരായണ ഗൗഡ, എ എച്ച്‌ വിശ്വനാഥ്(ജെഡിഎസ്) എന്നിവരെയാണ് ഇന്ന് രാവിലെ സ്പീക്കര്‍ അയോഗ്യരാക്കിയത്.അതേസമയം നേരത്തേ സ്പീക്കര്‍ അയോഗ്യരാക്കിയ മൂന്ന് പേര്‍ സ്പീക്കറുടെ നടപടിയെ  ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് പരാതി ലഭിച്ചതെന്നും ഇതാണ് നടപടിക്ക് പിന്നിലെന്നും സ്പീക്കര്‍ അറിയിച്ചു. നാളെയാണ് മുഖ്യമന്ത്രി യെദ്യൂരപ്പ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നത്. ഇതിന് മുമ്പായി വിമതരുടെ കാര്യത്തില്‍ തീരുമാനമായത് ബി.ജെ.പിയ്ക്ക് അനുകൂലമാണ്. 17 പേരെ അയോഗ്യരാക്കിയതോടെ സഭയിലെ അംഗസംഖ്യ 208 ആയി മാറി. കേവല ഭൂരിപക്ഷം 105. നിലവില്‍ 106 പേരുടെ പിന്തുണയാണ് ബി.ജെ.പിക്കുള്ളത്.

Previous ArticleNext Article