ജോഹന്നാസ്ബർഗ്:ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്സ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു.കളിമതിയാക്കാനുള്ള കൃത്യസമയമാണിത് എന്നറിയിച്ചു കൊണ്ടാണ് ഡിവില്ലേയേഴ്സിന്റെ വിരമിക്കൽ പ്രഖ്യാപനം വന്നത്.അപ്രതീക്ഷിതമായിരുന്നു ഡിവില്ല്യേഴ്സിന്‍റെ വിരമിക്കൽ. അടിയന്തര സാഹചര്യം എന്നാണ് ഡിവില്ല്യേഴ്സ് വിരമിക്കലിനെ വിശേഷിപ്പിച്ചത്. അതും ഇന്ത്യൻ പ്രീമിയർ ലീഗിലെ തകർപ്പൻ പ്രകടനത്തിനുശേഷം. തുടർച്ചയായി പിടികൂടുന്ന പരിക്കാണ് താരത്തിന്‍റെ തിടുക്കത്തിലുള്ള തീരുമാനത്തിനു പിന്നിലെന്നാണു സൂചന. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളായ ഡിവില്ലിയേഴ്സ് 14 വർഷം നീണ്ടു നിന്ന ക്രിക്കറ്റ് കരിയറിനാണ് വിരാമമിടുന്നത്. കരിയറിന്‍റെ ഉന്നതിയിൽ നിൽക്കെയാണ് വില്ലിയുടെ വിരമിക്കൽ. ഐസിസി ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്തും ടെസ്റ്റിൽ ആറാമതുമാണ് ബുധനാഴ്ച ഡിവില്ല്യേഴ്സിന്‍റെ റാങ്കിംഗ്. 114 ടെസ്റ്റില്‍ നിന്നായി 50.66 ശരാശരിയില്‍ 8765 റണ്‍സ് നേടിയ ഡിവില്ല്യേഴ്സ് 22 സെഞ്ചുറികളും 46 അര്‍ദ്ധ സെഞ്ചുറികളും കുറിച്ചിട്ടുണ്ട്. 228 ഏകദിനങ്ങളിലായി 9473 റണ്‍സാണ് ഏകദിനത്തിലെ സമ്ബാദ്യം. ഇതില്‍ 25 സെഞ്ചുറികളും 53 അര്‍ദ്ധ സെഞ്ചുറികളുമുണ്ട്. 78 ട്വന്റി ട്വന്റി മത്സരങ്ങളില്‍ നിന്നായി 10 അര്‍ദ്ധ സെഞ്ചുറികളോടെ 1672 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്.അടുത്ത വർഷം ഏകദിന ലോകകപ്പ് കൂടി വരാനിരിക്കെ ഡിവില്ലിയേഴ്‌സിന്റെ വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകർക്ക് അപ്രതീക്ഷിത ആഘാതമാണ്.