ലാസ് വേഗാസ്: നെവാഡയിലെ ലാസ് വെഗാസിലെ ലാസ് വെഗാസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ജനുവരി 7 മുതല്‍ 10 വരെ നടന്ന 2020 ഇന്‍റര്‍നാഷണല്‍ സിഇഎസ് ടെക് ഷോയില്‍ വിഷന്‍ എസ് എന്ന് നാമകരണം ചെയ്ത ഒരു ഇലക്‌ട്രിക് കാര്‍ അനാച്ഛാദനം ചെയ്തുകൊണ്ട് സോണി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്ലേസ്റ്റേഷനും പുതിയ ടി.വി.യും പ്രതീക്ഷിച്ചെത്തിയവര്‍ക്ക് മുന്നിലാണ് ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ രാജാവായ ജപ്പാന്‍ കമ്പനി തങ്ങളുടെ അത്ഭുതച്ചെപ്പ് തുറന്നത്. 100 കിലോമീറ്റര്‍ വേഗമെടുക്കാന്‍ വെറും 4.8 സെക്കന്‍ഡുകള്‍ മാത്രം മതിയാവുന്ന ഈ വൈദ്യുത കാര്‍ മറ്റൊരു ലോകമാണ് തുറന്നിടുന്നത്. ‘ഫൈവ് ജി’ അധിഷ്ഠിതമായ കാറില്‍ ട്രാഫിക്, വീഡിയോ, സംഗീതം എന്നിവയ്ക്കു പുറമെ ഒ.ടി.എ. സിസ്റ്റവും സ്വയം അപ്ഡേറ്റായിക്കൊണ്ടിരിക്കും. ഇവയെല്ലാം സോണിയുടെ 360 റിയാലിറ്റി സൗണ്ട് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കും.
മുന്നിലും പിന്നിലും വശങ്ങളിലുമായി നാല് ക്യാമറകളാണ് പ്രധാനമായും ഉള്ളത്. ഇവയിലെല്ലാം സോണിയുടെ നവീനമായ സി.എം.ഒ.എസ്. സെന്‍സറുകളും ഘടിപ്പിച്ചിരിക്കും. വശങ്ങളിലെ ക്യാമറകള്‍ സൈഡ്മിററുകളിലാണ്. അവയില്‍ നിന്ന് തത്സമയ ദൃശ്യങ്ങള്‍ ഡാഷ്ബോര്‍ഡില്‍ തെളിയും. വെളിച്ചക്കുറവുണ്ടാകുമ്പോൾ ഇതിലെ സെന്‍സറുകള്‍ വ്യക്തമായ ചിത്രം തരും.33 സെന്‍സറുകളാണ് കാറിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. വാഹനത്തിന്റെ പരിസരം വീക്ഷിക്കുന്ന സി.എം.ഒ.എസ്. ഇമേജ് സെന്‍സറുകളും ടി.ഒ.എഫ്. സെന്‍സറുകളും ഉള്‍പ്പെടും. ഇലക്‌ട്രോണിക് രംഗത്തെ ഭീമന്‍മാരായ ‘ബ്ലാക്ക്ബെറി’, ‘ബോഷ്’ തുടങ്ങിയവരില്‍ നിന്ന് സാങ്കേതിക സഹായം ‘സോണി’ ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്. കാറിന്റെ പ്ലാറ്റ്ഫോം ‘മാഗ്‌ന’ എന്ന കമ്പനിയാണ് തയ്യാറാക്കിയത്.
മൊത്തത്തില്‍, വിഷന്‍ എസ് പ്രോട്ടോടൈപ്പില്‍ സോണി 33 സെന്‍സറുകള്‍ ഉള്‍പ്പെടുത്തി യിട്ടുണ്ട്. വാഹനത്തിന്റെ പരിസരം വീക്ഷിക്കുന്ന സി.എം.ഒ.എസ്. ഇമേജ് സെന്‍സ റുകളും ടി.ഒ.എഫ്. സെന്‍സറുകളും ഉള്‍പ്പെടും.ജാപ്പനീസ് കമ്പനിയായ സോണി ഇമേജ് സെന്‍സറുകള്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാഹനത്തിന്റെ മുന്നിലുള്ള റോഡ് വിശകലനം ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്. എന്നിരുന്നാലും ഈ കാര്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കാന്‍ പദ്ധതിയുണ്ടെന്ന് സോണി സൂചിപ്പിച്ചിട്ടില്ല.’ചലനാത്മകതയുടെ ഭാവിയിലേക്ക് സംഭാവന നല്‍കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യ’മെന്ന് സോണിയുടെ ചീഫ് എക്സിക്യൂട്ടീവ് കെനി ചിരോ യോഷിഡ പറഞ്ഞു.അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ മെഴ്സിഡസ് ബെന്‍സ് ചെയര്‍മാന്‍ ഓള കല്ലേനിയസിനൊപ്പം എക്സ്പോയില്‍ പങ്കെടുത്തു.