Entertainment, Kerala

ശോഭരാജ് കടന്നപ്പള്ളിയുടെ സോളോ പെയിന്റിംഗ് ആൻഡ് കൊളാഷ് എക്സിബിഷൻ ‘കുർത്തം’ മാർച്ച് 23 മുതൽ 27 വരെ കണ്ണൂർ മോഹൻ ചാലാട് ആർട്ട് ഗാലറിയിൽ വെച്ച് നടത്തപ്പെടുന്നു

keralanews solo paintings and collage exhibition of shobharaj kadanappalli kurtham conducted at kannur mohan chalad art gallery from march 23 to 27

കണ്ണൂർ:ശോഭരാജ് കടന്നപ്പള്ളിയുടെ സോളോ പെയിന്റിംഗ് ആൻഡ് കൊളാഷ് എക്സിബിഷൻ ‘കുർത്തം’ മാർച്ച് 23 മുതൽ 27 വരെ കണ്ണൂർ മോഹൻ ചാലാട് ആർട്ട് ഗാലറിയിൽ വെച്ച് നടത്തപ്പെടുന്നു.ചിത്രപ്രദർശനത്തിന്റെ ഉൽഘാടനം മാർച്ച് 23 ശനിയാഴ്ച വൈകുന്നേരം 4.30 ന് കലാനിരൂപകൻ ഡോ.എ.ടി മോഹൻരാജ് നിർവഹിക്കും.ചടങ്ങിൽ ശ്രീ.കെ.കെ.ആർ വെങ്ങര,മാധവൻ പുറച്ചേരി,ഡോ.ജിനേഷ് കുമാർ എരമം,ഡോ പയ്യാവൂർ ഉണ്ണികൃഷ്ണൻ,ഗംഗാധരൻ മേലേടത്ത്, ഗോവിന്ദൻ കണ്ണപുരം എന്നിവർ മുഖ്യാതിഥികളായിരിക്കും.രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് പ്രദർശനം.’കുർത്തം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രപ്രദർശനം ഒരർത്ഥത്തിൽ നമുക്ക് ചുറ്റുമുള്ള കാഴ്ചകളുടെ അടയാളപ്പെടുത്തലുകളാണ്. ശിഥിലമായ കാഴ്ചകളെ കൂട്ടിച്ചേർത്തുള്ള കൊളാഷ് ചിത്രങ്ങളാൽ ജീവിതത്തിന്റെ തീവ്രാനുഭവങ്ങളുടെ ആവിഷ്ക്കരണമാണ് പ്രദർശനം മുന്നോട്ട് വെയ്ക്കുന്നത്.മുപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടാവുക.ഇതിൽ പകുതിയോളം ചിത്രങ്ങളും കൊളാഷുകളാണ്.

സമകാലിക ജീവിത പ്രശ്നങ്ങളും സ്ത്രീയുടെയും പുരുഷന്റെയും ലോകത്തെ അന്ത:സംഘർഷങ്ങളും പ്രകൃതിയും പൂക്കളും ഉത്സവങ്ങളും പ്രണയവും ഉർവ്വരതയും എല്ലാം ചിത്രങ്ങൾക്ക് വിഷയമാകുന്നു.അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ എന്ന കൃതിയെ ആസ്പദമാക്കിയുള്ള കൊളാഷ് ഇത്തരത്തിൽ ശ്രദ്ധേയമാണ്. അക്രിലിക്കിലും സോഫ്റ്റ് പേസ്റ്റിലുമായി തീർത്ത മൂർത്തവും അമൂർത്തവുമായ ചിത്രങ്ങൾ സമൂഹത്തോട് ശക്തമായി സംവദിക്കുന്നവയാണ്. സ്ത്രീ കേന്ദ്രിതമായ രചനകളാവട്ടെ അവളുടെ പ്രണയത്തെയും അസ്വസ്ഥതകളെയും ആഴത്തിൽ പ്രതിനിധാനം ചെയ്യുന്നു.സാഹിത്യത്തിൽ പലപ്പോഴായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ള കൃഷണ സങ്കൽപ്പത്തെ സോഫ്റ്റ് പേസ്റ്റൽ എന്ന മാധ്യമത്തിലൂടെയാണ് ചിത്രകാരൻ ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്.

കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ ധർമശാലയിലെ അധ്യാപകനായ ശോഭരാജ് കടന്നപ്പള്ളി കണ്ണൂർ,കാസർകോഡ് ജില്ലകളിലെ നിരവധി ബിഎഡ് കോളേജുകളിൽ ആർട്ട് ആൻഡ് കൊളാഷ് ശില്പശാലകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.ചിത്രകലയിൽ അക്കാദമികമായ പഠനമൊന്നും നടത്തിയിട്ടില്ലാത്ത ഈ ചിത്രകാരൻ തന്റെ തോന്നലുകളുടെ അടയാളപ്പെടുത്തലുകളായിട്ടാണ് ചിത്രങ്ങളെ കാണുന്നത്.ചിത്ര വഴികളിൽ പ്രചോദനമായത് പ്രൈമറി ക്ലാസ്സുകളിൽ ഡ്രോയിങ് പരിശീലിപ്പിച്ച  എം.ഗംഗാധരൻ മാഷും ബിഎഡ് കാലത്ത് സൗന്ദര്യശാസ്ത്രത്തെ കുറിച്ച് പറഞ്ഞ അധ്യാപകനും ചിത്രകാരനുമായ ബി.ഉദയകുമാറുമാണ്.ഡിസൈനിങ് രംഗത്ത് തന്നെ പ്രവർത്തിക്കുന്ന മാതൃസഹോദരന്മാരുടെയും കുടുംബത്തിന്റെയും പിന്തുണയും ചിത്രകലയോട് താല്പര്യമുണ്ടാകാൻ കാരണമായി.2002 ഇൽ സ്പാസ്റ്റിക് ഇന്ത്യ സൊസൈറ്റി കണ്ണൂരിൽ വെച്ച് നടത്തിയ പ്രദർശനത്തിലും 2005 ഇൽ വിശ്വകലാ അക്കാദമി പയ്യന്നൂരിൽ വെച്ച് നടത്തിയ പ്രദർശനത്തിലും പങ്കെടുത്തിട്ടുണ്ട്.ഇത് ആദ്യത്തെ സോളോ എക്സിബിഷനാണ്.കണ്ണൂർ കടന്നപ്പള്ളിയിലെ പദ്മനാഭൻ-ശോഭ ദമ്പതികളുടെ മകനാണ്.പദ്മരാജ് സഹോദരനാണ്.ഗവേഷക വിദ്യാർത്ഥിയായ ആതിരയാണ് ഭാര്യ.

keralanews solo paintings and collage exhibition of shobharaj kadanappalli kurtham conducted at kannur mohan chalad art gallery from march 23 to 27 (2)

Previous ArticleNext Article