കൊല്ലം: വാര്‍ധക്യകാല പെന്ഷന്, വിധവ-അവിവാഹിത പെന്ഷന്, വികലാംഗ പെന്ഷന്, കര്‍ഷക തൊഴിലാളി പെന്ഷന് തുടങ്ങി സാമൂഹ്യക്ഷേമ പെന്ഷന് വാങ്ങിക്കുന്നവര്‍ മസ്റ്ററിംഗ് നടത്തണമെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അക്ഷയ സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ പോയി മസ്റ്ററിംഗ് നടത്തണമെന്ന രീതിയില്‍ ഒരു നിര്‍ദ്ദേശം ഔദ്യോഗികമായി നല്‍കിയിട്ടില്ല, മാത്രമല്ല മസ്റ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കു മുൻപേ പൂര്‍ത്തിയായതാണെന്നും സമൂഹമാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.കോവിഡിന്റെ അതിതീവ്ര വ്യാപനം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അനിയന്ത്രിതമായ ആള്‍ക്കൂട്ടം അക്ഷയ കേന്ദ്രത്തില്‍ അനുവദിക്കാനാവില്ല. സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചിരിക്കുന്ന കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.