കോഴിക്കോട്: സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് ചികിത്സാസഹായം തേടിയ ആറു മാസം പ്രായമുള്ള ഇമ്രാൻ മരണത്തിനു കീഴടങ്ങി. 18 കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെയാണ് മടക്കം.ചൊവ്വാഴ്ച രാത്രി 11.30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്.ഇമ്രാന്റെ ചികിത്സയ്ക്കായി ലോകംമുഴുവന്‍ കൈകോര്‍ത്ത് പതിനാറരകോടിരൂപ സമാഹരിച്ചിരുന്നു. ഇതിനിടെയാണ് ദുഃഖവാര്‍ത്ത എത്തിയത്. അണുബാധയാണ് പെട്ടെന്നുള്ള മരണകാരണമായി പറയുന്നത്. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് മൂന്നരമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലായിരുന്നു ഇമ്രാന്‍. വലമ്പൂർ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്‌നിയുടേയും മകനാണ് ആറ്മാസം പ്രായമുള്ള ഇമ്രാന്‍.പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.പെരിന്തല്‍മണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഇതിനിടെയാണ് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയാണ് രോഗമെന്ന് തിരിച്ചറിഞ്ഞത്.18 കോടി വിലപിടിപ്പുള്ള ഒറ്റ ഡോസ് മരുന്ന് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യണം. ഇതിനായി മങ്കട നിയോജകമണ്ഡലം എംഎല്‍എ. മഞ്ഞളാംകുഴി അലി ചെയര്‍മാനായി ഇമ്രാന്‍ ചികിത്സാസഹായസമിതി രൂപവ്തകരിച്ചിരുന്നു. 16 കോടി കിട്ടുകയും ചെയ്തു. ഇതിനിടെയാണ് ഇമ്രാന്റെ മടക്കം.