Kerala, News

കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ച സംഭവം;കൊലപാതകമെന്ന് സ്ഥിതീകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായി സൂചന;സംശയം ഉറ്റബന്ധുവായ സ്ത്രീയിലേക്ക്

keralanews six members of a family died in koodathayi received evidence confirming the murder

കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിതീകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായി സൂചന. ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാണ്.ആറുപേരുടെയും മരണം നടന്ന സ്ഥലങ്ങളില്‍ യുവതിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇവരെ സഹായിച്ചവരാണ് ബന്ധു ഉള്‍പ്പെടെയുള്ള മറ്റ് രണ്ടുപേര്‍. സ്വത്ത് സ്വന്തമാക്കുന്നതിനൊപ്പം വ്യക്തിവൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കൊല്ലപ്പെട്ട ആറുപേരും മരണത്തിനു തൊട്ടുമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച്‌ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ഉറ്റബന്ധുവായി യുവതി ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്.അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത് നിരീക്ഷണത്തിലുള്ള വനിതയുടെ മൊഴി ആറുതവണ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.എന്നാൽ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു.  ശാസ്ത്രീയമായ തെളിവുകളിലൂടെ ദുരൂഹതകളുടെ ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ കല്ലറകള്‍ തുറന്ന് ഭൗതികാവശിഷ്ടങ്ങള്‍ ശേഖരിച്ചു. ഇത് ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ഏറ്റവുമൊടുവില്‍ മരിച്ച സിലിയെയും അവരുടെ രണ്ടു വയസായ കുട്ടിയെയും അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിലെ കല്ലറയാണ് ആദ്യം തുറന്നത്. രാവിലെ 10ന് വടകര റൂറല്‍ എസ്.പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടര്‍ന്ന് കൂടത്തായിയില്‍ അടക്കം ചെയ്ത, പൊന്നാമറ്റം കുടുംബത്തിലെ അന്നമ്മ, ടോംതോമസ്, റോയി, മഞ്ചാടിയില്‍ മാത്യു എന്നിവരുടെ ഭൗതികാവശിഷ്ടങ്ങളും ശേഖരിച്ചു.

Previous ArticleNext Article