താമരശ്ശേരി: വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ ഒരു കുടുംബത്തിലെ ആറുപേർ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത.മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധു പരാതി നൽകിയതോടെ ഇന്ന് മരണപ്പെട്ടവരുടെ കല്ലറകള്‍ തുറന്ന് പരിശോധിക്കും.ആറുപേരുടെയും മരണകാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് കല്ലറ തുറന്ന് പരിശോധന നടത്തുന്നത്.വിഷാംശം ഉള്ളില്‍ചെന്നാണോ മരിച്ചതെന്ന കാര്യമാണ് മുഖ്യമായും പരിശോധിക്കുക.2002 മുതല്‍ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഫൊറന്‍സിക് വിദഗ്ധരാണ് പരിശോധിക്കുക. കൂടത്തായി ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയിലെ രണ്ട് കല്ലറകളാണ് ഇന്ന് രാവിലെ തുറക്കുന്നത്.ഈ കല്ലറയില്‍ നാലു പേരെയാണ് അടക്കം ചെയ്തിരിക്കുന്നത്. രണ്ടുപേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലെ കല്ലറയിലുമാണ് അടക്കിയിരിക്കുന്നത്.ആവശ്യമെങ്കില്‍ ഇതും തുറന്ന് പരിശോധിക്കേണ്ടതായി വരുമെന്ന് അധികൃതര്‍ അറിയിച്ചു.മണ്ണില്‍ ദ്രവിക്കാതെയുള്ള എല്ലിന്‍ കഷ്ണങ്ങള്‍, പല്ല് എന്നിവ രാസപരിശോധനക്ക് വിധേയമാക്കുകയാണ് ഫോറൻസിക് സംഘത്തിന്റെ ലക്‌ഷ്യം.
Kerala, News
ഒരു കുടുംബത്തിലെ ആറുപേർ സമാനസാഹചര്യത്തിൽ മരിച്ച സംഭവം;ദുരൂഹത നീക്കാൻ ഇന്ന് കല്ലറകൾ തുറന്നു പരിശോധിക്കും
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ കൂടത്തായി മച്ചാടിയില്‍ മാത്യു, ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ സിലി, ഇവരുടെ രണ്ടുവയസ്സുള്ള മകള്‍ അല്‍ഫോന്‍സ എന്നിവരാണ് സമാന രീതിയില്‍ മരിച്ചിരിക്കുന്നത്.അമേരിക്കയില്‍ താമസിക്കുന്ന ടോം തോമസിന്റെ മകന്‍ റോജോ ആണ് മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 2002ല്‍ അന്നമ്മയാണ് ആദ്യം മരിച്ചത്.ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നാലെ 2008 ല്‍ ടോം തോമസും മരിച്ചു. 2011-ല്‍ റോയി തോമസും മരിച്ചു. അതിനുശേഷം ടോം തോമസിന്റെ സഹോദരപുത്രന്റെ മകള്‍ അല്‍ഫോന്‍സയും മരണപ്പെട്ടു. പിന്നാലെ സഹോദരപുത്രന്റെ ഭാര്യ സിലിയും മരിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് സംശയം ഉടലെടുത്തത്. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കല്ലറ തുറക്കുന്നത്. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും പരിശോധനാ ഫലം കിട്ടുന്നതോടെ ദുരൂഹത നീക്കാനാകുമെന്നുമാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന വിവരം.